ഇടുക്കി : കാസർകോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാനത്ത് നടക്കുന്ന ഹർത്താലിൽ പരക്കെ അക്രമം. ഇടുക്കി രാജാക്കാട് വ്യാപാരികളും ഹർത്താൽ അനുകൂലികളും തമ്മിൽ സംഘർഷമായി. കട തുറക്കാൻ എത്തിയവരെ യൂത്ത് കോൺഗ്രസുകാർ തടഞ്ഞു. ഇതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് കരുതൽ തടങ്കലിലാക്കി.
അതേസമയം ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മുന്‍കൂര്‍ നോട്ടീസ് ഇല്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസിന്റെ നടപടി കോടതിയലക്ഷ്യമാണെന്നും കോടതി പറഞ്ഞു.മലപ്പുറത്ത് സർവീസ് നടത്തിയ സ്വകാര്യ ബസിന്റെ ഡ്രൈവറെ അക്രമികൾ മർദ്ദിച്ചു.കൊയിലാണ്ടിയിൽ കട തുറന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി കെ പി ശ്രീധരനെ സമരാനുകൂലികൾ കടക്ക് അകത്തിട്ടു പൂട്ടി. പൊലീസെത്തിയാണ് വ്യാപാരി സംഘടനാ നേതാവിനെ രക്ഷിച്ചത്.
സൗത്ത് കളമശ്ശേരിയിൽ മുട്ട വിതരണക്കാരനെ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു ,വിൽപനക്ക് കൊണ്ടുവന്ന മുട്ടകൾ ഹര്‍ത്താലനുകൂലികൾ നശിപ്പിച്ചു.അതേസമയം തിരുവനന്തപുരത്ത് ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് വ്യാപാര സ്ഥാപനങ്ങളെ ഹര്‍ത്താലിൽ നിന്ന് ഒഴിവാക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ അറിയിച്ചു.
Post Your Comments