ഹര്‍ത്താല്‍ ദിനത്തിലും വനിതാകമ്മീഷന്‍ സിറ്റിംഗില്‍ പരാതികളുടെ പ്രളയം. തിരുവല്ല വൈ.എം.സി.എ ഹാളില്‍ വനിതാ കമ്മീഷന്‍ അംഗങ്ങളായ ഡോ.ഷാഹിദ കമാല്‍, ഇ.എം.രാധ എന്നിവര്‍ നടത്തിയ സിറ്റിംഗില്‍ ഹര്‍ത്താല്‍ സംബന്ധമായ ബുദ്ധിമുട്ടുകളൊന്നും വകവെയ്ക്കാതെയെത്തിയ പരാതിക്കാരുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ജില്ലയുടെ വിദൂരസ്ഥലങ്ങളിലുള്ളവരും പരാതിപരിഹാരത്തിനെത്തിയിരുന്നു.
ആകെ 85 പരാതികളാണ് പരിഗണനയ്ക്കായി എത്തിയത്. ഇതില്‍ 12 കേസുകള്‍ തീര്‍പ്പായി. രണ്ടു പരാതികള്‍ റിപ്പോര്‍ട്ടിനും, ആറെണ്ണം കൗണ്‍സിലിംഗിനും അയച്ചു. ഏതെങ്കിലും ഒരു കക്ഷി ഹാജരാകാത്ത 10 കേസുകള്‍ ഉണ്ടായിരുന്നു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കു ശേഷം 55 കേസുകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. പരാതിക്കാരായെത്തുന്ന ഭൂരിഭാഗം വനിതാ ഉദ്യോഗസ്ഥരും നിയമപരമായി അവരവര്‍ക്ക് സ്വന്തമായി ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും ചെയ്യാതെ, ഇത്തരം കാര്യങ്ങളില്‍ ജ്ഞാനമില്ലാത്തവരെപ്പോലെ കമ്മീഷനു മുന്‍പില്‍ പെരുമാറുന്നതായി അംഗം ഡോ.ഷാഹിദ കമാല്‍ പറഞ്ഞു. പ്രഥമ അധ്യാപികയായി വിരമിച്ച് പുളിക്കഴില്‍ നിന്നെത്തിയ വനിതയുടെ പരാതി പരിഹരിക്കവെയാണ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. പരാതിക്കാരി പണം കടം നല്‍കിയത് തിരിച്ചു ലഭിക്കാത്തതുമായി ബന്ധപ്പെട്ടാണ് കമ്മീഷനു മുന്‍പില്‍ എത്തിയത്. ഇവരുടെ പരാതി വിശദമായ അന്വേഷണത്തിനായി പുളിക്കീഴ് പോലീസിനു നല്കി. വിദ്യാഭ്യാസം ജോലി നേടുന്നതിനു മാത്രമല്ല, അതിലൂടെ ലഭിക്കുന്ന സാമൂഹ്യ അറിവും, അവബോധവും വ്യക്തി ജീവിതത്തിന് അനിവാര്യമാണെന്നും കമ്മീഷന്‍ ഓര്‍മ്മിപ്പിച്ചു. വനിതാ കമ്മീഷന്‍ ഇന്‍സ്‌പെക്ടര്‍ എം.സുരേഷ്‌കുമാര്‍, വനിതാ സെല്‍ പ്രതിനിധികള്‍, ലീഗല്‍ പാനല്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Post Your Comments