ഇരിട്ടി : ആദിവാസി സ്ത്രീയുടെ മൃതദേഹം ബാവലിപ്പുഴയോരത്ത് കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഏറുന്നു. പേരാവൂര്‍ തിരുവോണപ്പുറം കോളനിയിലെ കല്യാണിയെയാണ് (60) കഴിഞ്ഞ ശനിയാഴ്ച രാവിലെ പുഴയോരത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളത്തില്‍ മുങ്ങി ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചിരിക്കുന്നതെന്ന് മൃതദേഹപരിശോധനയില്‍ വ്യക്തമായതായാണ് വിവരം. ഈ കണ്ടെത്തല്‍ സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
ശനിയാഴ്ച രാവിലെ പുഴക്കരയിലെ പാറപ്പുറത്ത് കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. മുങ്ങിമരിച്ചതാണെങ്കില്‍ മൃതദേഹം എങ്ങനെ പാറപ്പുറത്ത് വന്നു എന്നതാണ് കേസിന്റെ ഗൗരവം കൂട്ടുന്നതെന്ന് പോലീസ് പറയുന്നു. സംഭവസ്ഥലത്തു മല്‍പ്പിടിത്തം നടന്നതായുള്ള സൂചനകളും ചെരിപ്പും ഷാളും ഉള്‍പ്പെടെയുള്ള വസ്തുക്കളും കണ്ടെത്തിയതിനെത്തുടര്‍ന്ന് ഡോഗ് സ്‌ക്വാഡും ഫൊറന്‍സിക് വിദഗ്ധരും പരിശോധന നടത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ചോദ്യം ചെയ്ത് വിട്ടയച്ചുവെന്ന് പോലീസ് പറയുന്നു.
വെള്ളിയാഴ്ച കല്യാണിയെ മകള്‍ ആശയ്ക്കും ആശയുടെ സുഹൃത്തായ യുവാവിനും ഒപ്പം കണിച്ചാര്‍ ടൗണിലും മറ്റും കണ്ടതായി നാട്ടുകാര്‍ പറയുന്നുണ്ട്. സംഭവത്തിനുശേഷം ഇവരെ കാണാനില്ലെന്നാണ് വിവരം. ഇവര്‍ക്കായും തിരച്ചില്‍ നടത്തുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. വെള്ളിയാഴ്ച രാത്രി പുഴക്കരയില്‍നിന്ന് ബഹളം കേട്ടിരുന്നുവെന്നും ആദിവാസികള്‍ പുഴക്കരയില്‍ താത്കാലിക കുടില്‍കെട്ടി താമസിച്ചിരുന്നതിനാല്‍ മദ്യപിച്ചോ മറ്റോ ബഹളമുണ്ടാക്കിയതാവാമെന്നാണ് കരുതിയതെന്നും സമീപവാസികള്‍ പറയുന്നു.
Post Your Comments