കോട്ടയം: രോഗം മൂര്‍ച്ഛിച്ച അമ്മയെ മക്കള്‍ ആശുപത്രിയിലെത്തിച്ചത് കമ്പില്‍ക്കെട്ടിയ തുണിയില്‍ കിടത്തി മരപ്പാലത്തിലൂടെ നാല്‍പ്പത് മീറ്ററോളം നടന്ന്. വളരെ ശ്രമകരമായാണ് വാഹനമെത്തുന്ന വഴിവരെ എത്തിച്ചത്. കാലൊന്ന് തെറ്റിയാല്‍ അമ്മയുമായി തോട്ടില്‍ വീഴും. പ്രമേഹം മൂര്‍ച്ഛിച്ചത് മൂലം ഇടതുകാലിന്റെ തള്ളവിരല്‍ മുറിച്ച് മാറ്റേണ്ടി വന്ന 70 കാരിയായ രത്‌നമ്മയെയാണ് അതിസാഹസികമായി ആശുപത്രിയിലെത്തിച്ചത്. ഈ കാഴ്ച യുപിയിലോ, ബീഹാറിലോ അല്ല.
നവകേരളം പടുത്തുയര്‍ത്താന്‍ ശ്രമിക്കുന്നവരും കേരള വികസന മാതൃകയെക്കുറിച്ച് ഊറ്റം കൊള്ളുന്നവരും അധിവസിക്കുന്ന നാട്ടില്‍ ത്തന്നെയാണിത്. കോട്ടയം -ആലപ്പുഴ ജില്ലകളുടെ അതിര് പങ്കിടുന്ന നീലംപേരൂരില്‍ ആണ് സംഭവം. ഇവിടുത്തെ പുറത്തേരി കടവിലെ കുടുംബങ്ങള്‍ക്ക് മറുകരെയെത്താന്‍ മരപ്പാലമല്ലാതെ മറ്റൊരു മാര്‍ഗമില്ല.പ്രായമായവര്‍ മുതല്‍ കുട്ടികള്‍ വരെ എപ്പോള്‍ വേണമെങ്കിലും ഒടിഞ്ഞുപോകാവുന്ന തടിപ്പാല ത്തിലൂടെയാണ് യാത്ര.
രത്‌നമ്മ ഒരു മാസത്തിലധികമായി കുറിച്ചിയിലെ മന്ദിരം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. അവിടെ നിന്ന് രാത്രയില്‍ വീട്ടിലേക്കു കൊണ്ടുവരേണ്ടി വന്നപ്പോഴും രത്‌നമ്മയെയും കൊണ്ട് മക്കളും ബന്ധുക്കളും തടിപ്പാലം കയറിയാണ് വന്നത്. പിറ്റേന്ന് രാവിലെ വീണ്ടും ഇതേ തടിപ്പാലത്തിലൂടെ തലച്ചുമടായി പ്രാഥമികരോഗ്യകേന്ദ്രത്തില്‍ വീണ്ടും പ്രവേശിപ്പിച്ചു.ഓരോ തെരഞ്ഞെടുപ്പിനും പാലം നിര്‍മിക്കാമെന്ന് വാഗ്ദാനം നല്‍കി സ്ഥാനാര്‍ഥികളും കൂട്ടാളികളും മടങ്ങും. സിപിഎമ്മാണ് പഞ്ചായത്ത് ഭരിക്കുന്നത്. സ്ഥലത്തെ വാര്‍ഡ് മെമ്പര്‍ കോണ്‍ഗ്രസുകാരനാണ്. ഇക്കഴിഞ്ഞ പ്രളയത്തില്‍ ഈ പ്രദേശമാകെ വെള്ളത്തില്‍ മുങ്ങിയിരുന്നു.
Post Your Comments