ഐ.എം. ദാസ്
വ്യാഴാഴ്ച വൈകുന്നേരമാണ് ഗുലാം ഹസന്‍ ദറിനെയും കുടുംബത്തെയും ഞെട്ടിച്ചു കൊണ്ട് ആ വാര്‍ത്ത എത്തുന്നത്. 2019 രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം നടപ്പാക്കിയത് ഗുലാമിന്റെ 19 വയസ്സുകാരനായ മകനായിരുന്നു. ഒരു ദിവസം കൊണ്ട് തന്നെ ഭീകരവാദിയുടെ പിതാവായി ഈ വയോധികന്‍. ഒരുവര്‍ഷം മുന്‍പ് പരീക്ഷയ്ക്കിടെ കാണാതായ മകന്‍ ചാവേറായതു എങ്ങനെയെന്ന് ഈ നിരക്ഷരനായ പിതാവിനറിയില്ല. മരിച്ചുവീണ ജവാന്മാരുടെ കുടുംബങ്ങള്‍ക്കൊപ്പം വേദനയില്‍ പങ്കുചേരുന്നുവെന്നു പറയുമ്പോഴും ഇത്തരം സംഭവങ്ങള്‍ അവര്‍ത്തിക്കപ്പെടുമെന്ന് അദ്ദേഹം സന്ദേഹപ്പെടുന്നു.
പുല്‍വാമ ആക്രമണം വാസ്തവത്തില്‍ ഒരു വിളിച്ചുണര്‍ത്തലാണ്, അക്രമാത്മത എത്രത്തോളം ഭീകരമാകുന്നു എന്നാണ് അത് രാജ്യത്തെയും ഭരണാധികാരികളേയും ഓര്‍മ്മപ്പെടുത്തുന്നത്. ആവര്‍ത്തിക്കപ്പെടുന്ന ഭീകരത അടിച്ചമര്‍ത്താന്‍ കശ്മീര്‍ തന്നെ മുന്നോട്ട് വരണം. രാഷ്ട്രീയപാര്‍ട്ടികളിലോ നോതാക്കളിലോ കശ്മീര്‍ ജനതയ്ക്ക് വിശ്വാസമില്ല എന്നത് ഓര്‍മ്മപ്പെടുത്തേണ്ട സത്യമാണ്. എന്തുകൊണ്ട് അങ്ങനെയൊരു മനോഭാവം അവരില്‍ സൃഷ്ടിക്കപ്പെട്ടു എന്നത് ഭരണാധികാരികള്‍ ചിന്തിക്കണം. രാഷ്ട്രീയവും അധികാരവും നിക്ഷിപ്ത താത്പര്യങ്ങള്‍ക്കായി വഴിമാറപ്പെടുമ്പോള്‍ ജനങ്ങളുടെ ക്ഷേമവും താത്പര്യവുമാണ് വിസ്മരിക്കപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തെയാണ് കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കാന്‍ ആഗ്രഹിക്കുന്ന പാക് ഭരണകൂടവും ഭീകരസഘടനകളും ചൂഷണം ചെയ്യുന്നത്. അത് പ്രായോഗികമാക്കാന്‍ കശ്മീരിലെ യുവാക്കളോളം പോന്ന മറ്റൊരു സാധ്യത വിഘടനവാദികള്‍ക്ക് മുന്നിലില്ല. കശ്മീരില്‍ നിന്ന് രണ്ടായിരത്തി പതിനെട്ടില്‍ മാത്രം ഇരുനൂറ് യുവാക്കളാണ് ഭീകരസംഘടനയില്‍ ചേര്‍ന്നതെന്നാണ് പൊലീസ് കണക്കുകള്‍ പറയുന്നത്.
രാജ്യത്തിന്റെ ആത്മാഭിമാനത്തിനു മുറിവേല്പിച്ചുകൊണ്ടാണ് ലാത്തപോറയിലെ പുല്‍വാമയില്‍ 42 സി ആര്‍ പി എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടത്. ചാവേറാക്രമണം നടത്തിയ ആദില്‍ അഹമ്മദ് ദര്‍ താനൊരു ജെയ്ഷെ ഇ മുഹമ്മദ് അംഗമാണെന്നു പറയുന്ന വീഡിയോ ആക്രമണത്തിന് പിന്നാലെ പുറത്തു വന്നിരുന്നു. നമ്മെ ഏറെ ഞെട്ടിക്കുന്ന വസ്തുത ഈ കാശ്മീരുകാരന്‍ കേവലം 19 വയസ്സുകാരനായിരുന്നു എന്നതാണ്. വ്യാഴ്ചയിലെ വൈകുന്നേരം അസ്തമിക്കുന്നതിനു മുന്‍പേ ഇന്ത്യയെ ഇരുട്ടിലാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ആ കൗമാരക്കാരന്‍ കൊടുംക്രൂരതകാട്ടിയത്. മുമ്പ് കല്ലെറിഞ്ഞും മുദ്രാവാക്യം വിളിച്ചും നടന്ന വിഘടനവാദികളുടെ പ്രതിഷേധമാര്‍ച്ചുകളില്‍ സജീവമായിരുന്നു ആദില്‍.
വിഘടനവാദം കൊടുമ്പിരികൊണ്ടിരിക്കുമ്പോള്‍ പോലും കാശ്മീര്‍ ഇന്ത്യയില്‍ നിന്നും ഭീകരര്‍ കുറവായിരുന്നു. എന്നാല്‍ ഇന്ന് ജീവന്‍ ത്ൃജിക്കാന്‍ സന്നദ്ധരായി യുവാക്കള്‍ കാശ്മീര്‍ താഴ്വരയില്‍ നിന്നും മുന്നിട്ടുവരുമ്പോള്‍ നാം കാശ്മീരില്‍ സ്വീകരിച്ച നടപടികളൊക്കയും പരാജയമായി എന്ന് വേണം സംശയിക്കാന്‍. സ്വപ്നങ്ങളോ പ്രതീക്ഷകളോ ഇല്ലാത്ത ഒരു യുവതലമുറ വളര്‍ന്നു വരുന്ന കാശ്മീര്‍ , 20 ആം നൂറ്റാണ്ടില്‍ റഷ്യയില്‍ പടര്‍ന്നുപിടിച്ച നിഷേധ സിദ്ധാന്തത്തിന്റെ ബാക്കിപത്രമാവും. 2016 ല്‍ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരവാദി നേതാവ് ബുര്‍ഹാന്‍ വാനിയുടെ കൊലപാതകം താഴ്വരയെ അസ്വസ്ഥതയിലാക്കിയിരുന്നു.അതിനു ശേഷം ആക്രമണങ്ങളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരുക്കുകയാണ് കഴിഞ്ഞ വര്‍ഷം ജനുവരിയിലും പോലീസ്‌കാരന്റെ മകനായ ഫര്‍ദീന്‍ അഹമ്മദ് സി ആര്‍ പി എഫ് ക്യാമ്പിന് സമീപം ചാവേറാക്രമണം നടത്തിയിരുന്നു . കേവലം പതിനാറു വയസ്സായിരുന്നു ഫര്‍ദീന്.
സേനക്കെതിരെ തെരുവില്‍ കല്ലുമായി ഇറങ്ങുന്നതില്‍ നല്ല പങ്കും യുവാക്കളും വിദ്യാര്‍ത്ഥികളുമാണ്. ഗറില്ലാ മാതൃകയിലുള്ള ആക്രമണം യുവാക്കള്‍ക്കിടയില്‍ ഒരു കാല്പനിക ശൗര്യം കൊണ്ടുവന്നിട്ടുണ്ട്. തങ്ങളുടെ സ്വാതന്ത്ര്യത്തിനു ഹാനികരമാണ് സേനകളെന്ന തെറ്റിയ ധാരണ അവര്‍ക്കിടയില്‍ ഊട്ടിയുറപ്പിക പെട്ടു എന്നുവേണം കരുതാന്‍. മനുഷ്യ മറയായി കാശ്മീര്‍ യുവാവിനെ ഉപയോഗിച്ചതും എരിതീയില്‍ എന്ന ഒഴിക്കുന്നതിനു തുല്യമായിരുന്നു. കാശ്മീര്‍ ഇന്ത്യയുടെ ഭീകരവാദ തലസ്ഥാനമായി മാറിയതിനു കാരണം അന്വേഷിച്ചാല്‍ അത് ചെന്ന് നില്‍ക്കുക നമ്മുടെ വിഭജനത്തില്‍ തന്നെയായിരിക്കും. കാശ്മീര്‍ ഇന്ത്യയിലേക്ക് വിളക്കിച്ചേര്‍ക്കപെടാത്തതിനുള്ള കാരണം അധികാരത്തില്‍ ഇരിക്കുന്നവര്‍ ആഴ്ന്നുചിന്തിക്കണം. മരണത്തിനുശേഷം ലഭിക്കുന്ന സ്വര്‍ഗം അവര്‍ സ്വപ്നം കാണുന്നത് ഒരുപക്ഷെ നരകതുല്യമായ ജീവിതം കാരണമാകാം.
Post Your Comments