കൊച്ചി: മുന്തിരി വാറ്റി ബ്രാണ്ടി നിര്‍മ്മിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം തള്ളി കേരള ബവ്റിജസ് കോര്‍പറേഷന്‍. രണ്ട് ശതമാനം മുന്തിരി ഉപയോഗിച്ച് നിര്‍മിക്കുന്ന മദ്യം മാത്രമേ ബ്രാണ്ടി എന്ന പേരില്‍ വില്‍ക്കാന്‍ പാടുള്ളു എന്നാണ് കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി നിര്‍ദ്ദേശിച്ചത്. എന്നാല്‍ നിര്‍ദേശം തിരുത്താന്‍ കേന്ദ്ര ഭക്ഷ്യ സുരക്ഷാ വിഭാഗത്തെ സമീപിക്കണമെന്നാവശ്യപ്പെട്ട് ബവ്റിജസ് കോര്‍പറേഷന്‍ എക്സൈസ് കമ്മിഷണറുടെയടുത്തെത്തി. തമിഴ്നാട്ടിലും ആന്ധ്രയിലും ഇതേ നിര്‍ദേശമുള്ളതിനാല്‍ മുന്തിരി കിട്ടാന്‍ സാധ്യത കുറവാണ്. കേരളത്തില്‍ വര്‍ഷം വില്‍ക്കുന്ന 140 ലക്ഷം കെയ്സ് മദ്യത്തില്‍ 70 ശതമാനം എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ഫ്ലേവേഡ് ബ്രാണ്ടിയാണ്.
ഇതിന് പകരം മുന്തിരി സ്പിരിറ്റ് ഉപയോഗിക്കണമെങ്കില്‍ വര്‍ഷം 20000 ടണ്‍ മുന്തിരി വേണ്ടി വരുമെന്നാണ് കണക്ക്. തമിഴ്നാടും ആന്ധ്രയും കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്നു മുതല്‍ നിബന്ധന പ്രാബല്യത്തില്‍ വരും. അതേസമയം നിലവില്‍ കേരളത്തില്‍ എക്സ്ട്ര ന്യൂട്രല്‍ ആല്‍ക്കഹോള്‍ ഉപയോഗിച്ചാണ് ബ്രാണ്ടി നിര്‍മിക്കുന്നത്. മുന്തിരി സ്പിരിറ്റ് നിര്‍മ്മിക്കാനുള്ള അടിസ്ഥാന സൗകര്യം ഡിസ്റ്റിലറികള്‍ക്കില്ല. മുന്തിരിയുടെ അളവ് കണ്ടെത്താനുള്ള പരിശോധന നടത്താന്‍ ബവ്റിജസ് കോര്‍പ്പറേഷന് സൗകര്യങ്ങളില്ലെന്നും ബവ്റിജസ് കോര്‍പ്പറേഷന്‍ പറയുന്നു.
Post Your Comments