അട്ടപ്പാടി: അട്ടപ്പാടിയിലെ അഗളി പഞ്ചായത്തിലെ കോട്ടമേട് ആദിവാസി ഊരുനിവാസികള്‍ അതീവ ജലക്ഷാമം നേരിടുകയാണ്. വർഷങ്ങളായി ഇതേ അവസ്ഥ നേരിടുന്ന നാട്ടുകാർ പരാതികള്‍ പറഞ്ഞും വാഗ്ദാനങ്ങള്‍ കേട്ടും മടുത്തവരാണ്.
മാസത്തില്‍ ഒരിക്കല്‍ മാത്രം അതും അരമണിക്കൂര്‍ പൈപ്പിലൂടെ എത്തുന്ന വെള്ളമാണ് ഇവരുടെ ഏക ആശ്വാസം. 35 കുടുംബങ്ങളിലായി 80 ഓളം ആദിവാസികള്‍ താമസിക്കുന്ന സ്ഥലത്ത് അരമണിക്കൂര്‍ മാത്രം കിട്ടുന്ന വെള്ളം ഒന്നിനും തികയില്ല.
ഇവിടുത്തെ അംഗനവാടിയുടെ പ്രവര്‍ത്തനവും ജലക്ഷാമം മൂലം പ്രതിസന്ധിയിലാണ്. കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും വെള്ളം കിട്ടാത്ത അവസ്ഥയാണ്. രണ്ടു മലകള്‍ താണ്ടി അഞ്ച് കിലോമീറ്റര്‍ നടന്നാണ് ഇവര്‍ വെള്ളം ശേഖരിക്കുന്നത്. കുടിക്കാനുള്ള വെള്ളം ആഴ്ച്ചയില്‍ ഒരിക്കലെങ്കിലും എത്തിയാല്‍ മതിയെന്ന ചെറിയ ആവശ്യം മാത്രമാണ് ഇവര്‍ ഉന്നയിക്കുന്നത്. കുളിക്കാത്തതുമൂലം പല കുട്ടികളും സ്കൂളിൽ പോകുന്നില്ല. അതേസമയം കുടിവെളള ലഭ്യത കുറവാണെന്നും പുതിയ ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് പഞ്ചായത്ത് പറയുന്നത്.
Post Your Comments