വയനാട്: ഇന്നലെ ജമ്മുകാശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍ വി വി വസന്തകുമാര്‍ രാജ്യത്തിന് വേണ്ടി പോരാടി മരിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് സഹോദരന്‍ സജീവന്‍. വയനാട്ടിലെ ലക്കിടി സ്വദേശിയാണ് വസന്തകുമാര്‍.
ഇന്നലെ വൈകീട്ടോടെയാണ് വസന്തകുമാര്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട വിവരം വസന്തകുമാറിന്റെ ഭാര്യാ സഹോദരന്‍ വിളിച്ചു പറയുന്നത്. വാര്‍ത്ത സ്ഥിരീകരിക്കാന്‍ ദില്ലിയിലെ സുഹൃത്തുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ വി വി വസന്തകുമാറെന്ന ഒരാള്‍ കൊല്ലപ്പെട്ടെന്ന് മാത്രമായിരുന്നു അറിയാന്‍ കഴിഞ്ഞത്. വസന്തകുമാറിന്റെ ബറ്റാലിയന്‍ നമ്പര്‍ അറിയാത്തതിനാല്‍ സ്ഥിരീകരണം ഉണ്ടായിരുന്നില്ലെന്നും സജീവന്‍ പറഞ്ഞു.
എന്നാല്‍ കുറച്ച് സമയങ്ങള്‍ക്കുള്ളില്‍ വാട്‌സാപ്പില്‍ വസന്തകുമാറിന്റെ ഫോട്ടോ ആക്രമണത്തില്‍ മരിച്ചവരുടെ കൂടെ പ്രചരിച്ചിരുന്നു. പിന്നീട് അഞ്ച് മണിയോടെയാണ് ഔദ്യോഗീക സ്ഥിരീകരണം ലഭിച്ചതെന്നും സജീവന്‍ പറഞ്ഞു. ബറ്റാലിയന്‍ മാറുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച അഞ്ച് ദിവസത്തെ ലീവിന് വീട്ടിലെത്തിയിരുന്ന വസന്തകുമാര്‍ കഴിഞ്ഞ ഒമ്പതാം തിയതിയാണ് തിരിച്ച് ജമ്മുകാശ്മീരിലേക്ക് തിരികെ പോയതെന്നും വസന്തകുമാറിന്റെ സഹോദരന്‍ സജീവന്‍ പറഞ്ഞു.
പതിനെട്ട് വര്‍ഷത്തെ സൈനീക സേവനം പൂര്‍ത്തയാക്കിയ വസന്തകുമാര്‍ രണ്ട് വര്‍ഷത്തിന് ശേഷം തിരിച്ചുവരാന്‍ ഒരുങ്ങവേയാണ് ജെയ്ഷ മുഹമ്മദ് തീവ്രവാദികളുടെ ആക്രമണത്തില്‍ വീര്യമൃത്യു വരിക്കുന്നത്.
വസന്തകുമാറിന് ബറ്റാലിയന്‍ മാറ്റം ലഭിച്ചിട്ട് അധികനാളായില്ല. അഞ്ച് ദിവസത്തെ ലീവിന് നാട്ടിലെത്തി തിരിച്ച് പുതിയ ബറ്റാലിയനില്‍ ചേര്‍ന്നതിന് പുറകേയാണ് ദുരന്തവാര്‍ത്തയെത്തിയത്. വസന്തകുമാറിന്റെ അച്ഛന്‍ മരിച്ച് ഏകദേശം എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് വസന്തകുമാറിന്റെ മരണം.
Post Your Comments