1400ഓളം വര്‍ഷം പഴക്കമുള്ളതാണ് കേരളത്തിലെ ആദ്യ മുസ്ലിംപള്ളിയായ ചേരമാന്‍ ജുമാമസ്ജിദ്. പ്രവാചകന്‍ മുഹമ്മദ്‌നബിയുടെ അനുയായിയും കേരളത്തില്‍ ഇസ്ലാംമത പ്രചാരണത്തിന് എത്തിയ ആളുമായ മാലിക് ബിന്‍ ദീനാര്‍ എ.ഡി 629ലാണ് ഈ പള്ളി സ്ഥാപിച്ചത്. ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള പള്ളിയാണ് ചേരമാന്‍ മസ്ജിദ്. കേരളീയ വാസ്തുശില്‍പ്പകലയുടെ മാതൃകയായിരുന്ന ഈ പള്ളിക്ക് 1341ല്‍ മുസ്രിസ് പട്ടണത്തെ തകര്‍ത്തെറിഞ്ഞ വെള്ളപ്പൊക്കത്തില്‍ കാര്യമായ നാശം സംഭവിച്ചിരുന്നു.
വെള്ളപ്പൊക്കത്തിന് ശേഷം പുനര്‍നിര്‍മിച്ച പള്ളി 1974, 1994,2001 വര്‍ഷങ്ങളിലും പുനര്‍നിര്‍മിച്ചു. പള്ളിയുടെ ഉള്‍ഭാഗത്തെ പഴമ നിലനിര്‍ത്തികൊണ്ടുള്ള ഈ പുതുക്കിപ്പണിയലില്‍ പള്ളിയുടെ കേരളത്തനിമയുടെ മനോഹാരിത കുറേയൊക്കെ നഷ്ടപ്പെട്ടിട്ടുണ്ട് എന്നത് വസ്തുതയാണ്. വിളക്ക് കത്തിച്ചുവെച്ചിരുന്ന ഇന്ത്യയിലെ ഏക മുസ്ലിംപള്ളിയും ഇതാകാനാണ് സാധ്യത. ആദ്യകാലത്ത് വെളിച്ചത്തിനായി കത്തിച്ചിരുന്ന അതിപുരാതനമായ വെങ്കലത്തില്‍ തീര്‍ത്ത തൂക്ക്വിളക്ക് വൈദ്യുതിയത്തെിയിട്ടും പാരമ്പര്യത്തിന്റെ ഭാഗമായി കത്തിച്ചുവരുകയായിരുന്നു. ഈയടുത്ത കാലത്ത് വിളക്കിലെ തിരി അണഞ്ഞുവെങ്കിലും ജാതിമതഭേദമന്യേ
പള്ളി സന്ദര്‍ശിക്കാനത്തെുന്നവര്‍ ആഗ്രഹസാഫല്യത്തിനായി വിളക്കിലേക്ക് എണ്ണ നേര്‍ച്ചയായി നല്‍കാറുണ്ട്. തടിയില്‍ തീര്‍ത്ത ഉത്തരവും ആയിരത്തോളം വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന കൊത്തുപണികളോടെയുള്ള ഈട്ടിത്തടിയില്‍ തീര്‍ത്ത പ്രസംഗപീഠവും സന്ദര്‍ശകനെ ചരിത്രത്തിലേക്ക് കൊണ്ടത്തെിക്കുന്നതാണ്. മക്കയില്‍ നിന്ന് കൊണ്ടുവന്നതെന്ന് കരുതപ്പെടുന്ന മാര്‍ബിള്‍ കഷ്ണവും പള്ളിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പുനര്‍നിര്‍മാണ പ്രവര്‍ത്തികള്‍ നിരവധി നടത്തിയെങ്കിലും പള്ളിയോട് ചേര്‍ന്നുള്ള കുളം പഴമയുടെ തെളിമ നിലനിര്‍ത്തി ഇന്നും സംരക്ഷിച്ച് പോരുന്നുണ്ട്.
Post Your Comments