Latest NewsKerala

യുവതിയെ കല്ലുകെട്ടി പുഴയില്‍ താഴ്ത്തിയ സംഭവം : പുതപ്പ് വാങ്ങിയ കട തിരിച്ചറിഞ്ഞു : പുതപ്പ് വാങ്ങാനെത്തിയ വരുടെ ആവശ്യം വലിയ ബെഡ്ഷീറ്റ്

ഞെട്ടിയ്ക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ : കൊലയാളിയിലേയ്ക്കുള്ള ദൂരം കുറഞ്ഞതായി പൊലീസ്

ആലുവ; യുവതിയെ കൊന്ന് പെരിയാറില്‍ കെട്ടിത്താഴ്ത്തിയതിന് പിന്നില്‍ പുരുഷനും സ്ത്രീയുമാണെന്ന് പൊലീസ് നിഗമനം. കഴിഞ്ഞ ദിവസമാണ് യുവതിയുടെ മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ് കല്ലുകെട്ടി പുഴയില്‍ താഴ്ത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷമാണ് കൊല നടത്തിയത്.

അഞ്ച് ദിവസം മുന്‍പാണ് കൊലപാതകം നടന്നിരിക്കുന്നത് എന്നാണ് ശാസ്ത്രീയ പരിശോധന ഫലത്തില്‍ പറയുന്നത്. പ്രതികളെക്കുറിച്ച് പൊലീസിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. യുവതിയുടെ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ ആകാം കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് പറയുന്നു. ആലുവയിലേയും പരിസര പ്രദേശങ്ങളിലേയും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു വരികയാണ്.
മൃതദേഹവുമായി പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന്റേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. മൃതദേഹം പൊതിയാന്‍ ഉപയോഗിച്ച വരയന്‍ പുതപ്പ് കളമശേരിയിലെ തുണിക്കടയില്‍ നിന്ന് ഒരാഴ്ച മുന്‍പാണ് വാങ്ങിയത്. ഏഴിന് രാത്രി പത്തോടെയാണ് തടിച്ച ശരീരമുള്ള സ്ത്രീയും പുരുഷനും കാറില്‍ തുണിക്കടയില്‍ എത്തിയത്. രാത്രി വൈകി അടയ്ക്കുന്ന കടയാണിത്. ആദ്യത്തെ പുതപ്പിന് വലുപ്പം കുറവായതിനാല്‍ മറ്റൊന്ന് ആവശ്യപ്പെട്ടു. രണ്ടാമത്തേത് വിടര്‍ത്തിനോക്കി മതിയാവുമെന്ന് സ്ത്രീ കൂടെയുള്ള പുരുഷനോട് പറഞ്ഞു. രാത്രി തുറക്കുന്ന കട അന്വേഷിച്ച് ഇറങ്ങിയ ഇവര്‍ യാദൃശ്ചികമായാണ് കട കണ്ടത്. മുന്നോട്ടു പോയ കാര്‍ റിവേഴ്സ് എടുത്തു വരുന്നത് സിസിടിവിയില്‍ കാണാം.

കൊച്ചിയിലെ വസ്ത്ര മൊത്ത വ്യാപാര സ്ഥാപനങ്ങളില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ നിന്നാണ് സൂചന കിട്ടിയത്. മൃതദേഹത്തില്‍ കണ്ട പുതപ്പിന് സമാനമായ ഡിസൈനിലുള്ള 860 പുതപ്പുകള്‍ ചെറുകിട കച്ചവടക്കാന്‍ വാങ്ങിയിരുന്നു. ഇവരുടെ വിലാസം ശേഖരിക്കുകയായിരുന്നു. മൃതദേഹം പെരിയാറിലെ വിന്‍സന്‍ഷ്യന്‍ വിദ്യാഭവന്‍ കടവില്‍ ഒഴുകി എത്തിയത് അല്ല എന്നായിരുന്നു പൊലീസിന്റെ നിഗമനം. ഇതേ കടവില്‍ കല്ലു കെട്ടി താഴ്തിയതാവാന്‍ സാധ്യതയുണ്ട്.

വൈദിക സെമിനാരിയുടെ സ്വകാര്യ കടവാണിത്. സ്ഥല പരിചയമുള്ളവര്‍ക്കേ ഇവിടെ എത്താനാകൂ. മൃതദേഹം ആദ്യം കണ്ടത് വൈദിക വിദ്യാര്‍ത്ഥികളാണ്. കൊലപാതകത്തില്‍ പെണ്‍വാണിഭ സംഘവുമായി ബന്ധമുണ്ടെന്നാണ് സൂചന. ജില്ലയിലെ ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘങ്ങളും ഹോം നഴ്സിങ് സ്ഥാപനങ്ങളുടെ നടത്തിപ്പുകാരും നിരീക്ഷണത്തിലാണ്. കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാന്‍ സഹായകമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button