Latest NewsUAE

അഞ്ച് ലക്ഷം നിക്ഷേപിക്കുന്ന പ്രവാസികള്‍ക്ക് പെന്‍ഷന്‍; വിവിധ പദ്ധതികളുടെ പ്രഖ്യാപനം നാളെ

ദുബായ്: കേരളത്തിന്റെ വികസനത്തിനായി നിക്ഷേപം നടത്തുന്ന പ്രവാസികള്‍ക്ക് ജീവിതാവസാനം വരെ പെന്‍ഷന്‍ നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. നാളെ ദുബായില്‍ നടക്കുന്ന ലോകകേരള സഭ പ്രഥമ പശ്ചിമേഷ്യന്‍ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിക്ക് തുടക്കം കുറിക്കും. പ്രവാസി നിക്ഷേപം സ്വരൂപിക്കാന്‍ പ്രത്യേക കമ്പനി, പ്രവാസി ഗവേഷണത്തിന് അന്താരാഷ്ട്ര പ്രവാസി പഠന കേന്ദ്രം, മടങ്ങിയെത്തുന്ന പ്രവാസികളുടെ ആഭിമുഖ്യത്തിലുള്ള നിര്‍മ്മാണ കമ്പനി, പുനരധിവാസ പദ്ധതികള്‍ എന്നിവയുടെ പ്രഖ്യാപനവും നടക്കും.

ചുരുങ്ങിയത് 5 ലക്ഷം രൂപയോ അതിന്റെ ഗുണിതങ്ങളോ നിക്ഷേപിക്കുന്നവര്‍ക്ക് പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകാം. കേരളത്തിന്റെ വികസനത്തിനുള്ള അടിസ്ഥാന സൗകര്യ വികസനനിധിയിലോ (കിഫ്ബി) സമാന ഏജന്‍സികളിലോ ആണ് ഈ പണം നിക്ഷേപിക്കേണ്ടത്. 12 ശതമാനം പലിശത്തുക ഡിവിഡന്റായി നിക്ഷേപകന് നല്‍കും. അഞ്ച് വര്‍ഷം പൂര്‍ത്തിയായാല്‍ പ്രതിമാസ വരുമാനവും ലഭിച്ചു തുടങ്ങും. ഇതിനുശേഷം എപ്പോള്‍ ജോലി ഉപേക്ഷിച്ച് നാട്ടിലേക്കു മടങ്ങിയാലും പെന്‍ഷനും ലഭിച്ചുതുടങ്ങും എന്നതാണ് ഇതിന്റെ പ്രത്യേകത. പ്രതിമാസം മിനിമം 2000 രൂപ നല്‍കുന്ന പെന്‍ഷന്‍ പദ്ധതിക്ക് പ്രായപരിധിയില്ല. പലിശയും സര്‍ക്കാര്‍ വിഹിതവും ചേര്‍ത്താണ് പെന്‍ഷന്‍ നല്‍കുക.

ദുബായ് എത്തിസലാത്ത് അക്കാഡമി ഹാളിലാണ് 15, 16 തീയതികളില്‍ ലോകകേരളസഭ ചേരുക. പ്രവാസികളുടെ ക്ഷേമ, തൊഴില്‍ പ്രശ്നങ്ങളും മടങ്ങിയെത്തുന്നവരുടെ പുനരധിവാസവും ഇതില്‍ ചര്‍ച്ചയാവും. 3.5 മില്യണ്‍ പ്രവാസി മലയാളികളെ പ്രതിനിധീകരിച്ച് 150 അംഗങ്ങള്‍ സഭയില്‍ പങ്കെടുക്കും. യു.എ.ഇയിലെ മലയാളികളെ പ്രതിനിധീകരിച്ച് 25 പേരുണ്ടാവും. മുഖ്യമന്ത്രിക്ക് പുറമെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, കെ.സി. ജോസഫ് എം.എല്‍.എ, ചീഫ് സെക്രട്ടറി ടോം ജോസ്, പ്രവാസികാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഇളങ്കോവന്‍, പ്രവാസി ക്ഷേമനിധിബോര്‍ഡ് ചെയര്‍മാന്‍ പി.ടി. കുഞ്ഞുമുഹമ്മദ്, നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍, സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുക്കും. 2020 ജനുവരിയില്‍ നിയമസഭയില്‍ നടത്തുന്ന വിശാല സഭയ്ക്ക് മുന്നോടിയായാണ് പശ്ചിമേഷ്യന്‍ സമ്മേളനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button