തെരെഞ്ഞെടുപ്പ് കഴിയുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് ബംഗാളിലെ അവസാന സി.പി.എം മുഖ്യമന്ത്രി ആയിരുന്ന ബുദ്ധദേവ് ഭട്ടാചാര്യയുടെ ഗതി വരുമോയെന്നാണ് രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത്. 35 വര്‍ഷം സി.പി.എം തുടര്‍ ഭരണം നടത്തിയ ബംഗാളില്‍ ബി.ജെ.പി ശക്തി പ്രാപിച്ചതിന് ശേഷമാണ് തെരഞ്ഞെടുപ്പില്‍ മമതയ്‌ക്കെതിരെ പ്രചാരണത്തിന് ഇറങ്ങാന്‍ സി.പി.എമ്മിന് കഴിഞ്ഞതു പോലും. ബുദ്ധദേവിനെക്കാളും മോശം അനുഭവമായിരിക്കും കേരളത്തില്‍ പിണറായിയെ കാത്തിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
ഇപ്പോൾ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞാലും, താത്കാലികമായ ഒരു ശമനം മാത്രമാണിതെന്നാണ് ലഭ്യമായ വിവരം. കണ്ണൂരില്‍ നിന്നും ആലപ്പുഴയില്‍ നിന്നുമായിരിക്കും പിണറായിക്കെതിരെയുള്ള നീക്കത്തിന്റെ ആരംഭമെന്നാണ് സൂചന. കണ്ണൂരിൽ പി. ജയരാജന്റെയും ആലപ്പുഴയിൽ ജി. സുധാകരന്റെയും അനുയായികൾ അസ്വസ്ഥരാണ്.
ഇടത് മുന്നണിയില്‍ രണ്ടാം കക്ഷിയായിരുന്ന സി.പി.ഐക്ക് ലഭിച്ചിരുന്ന പ്രാധാന്യത്തിന് കേരള കോണ്‍ഗ്രസിന്റെ വരവോടെ മങ്ങലേറ്റു. ഇതില്‍ സി.പി.ഐ കടുത്ത അമര്‍ഷത്തിലാണ്. എന്‍.സി.പി, എല്‍.ജെ.ഡി തുടങ്ങിയ ചെറുകക്ഷികളുടെ സീറ്റുകളുടെ എണ്ണത്തിലും കുറവുണ്ടായി. ഇതും മുന്നണിയിലെ ഘടകകക്ഷികളുടെ നീരസത്തിന് കാരണമായി, കണ്ണൂരിൽ പി. ജയരാജനെ ഒതുക്കിയതിലും പിണറായിയുടെ കരങ്ങളാണെന്നാണ് പ്രവർത്തകർ വിശ്വസിക്കുന്നത്.
സി.പി.എം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രാദേശിക വികാരം മാനിക്കാതെയാണ് സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചത്. സ്വതന്ത്ര പരിവേഷം നല്‍കിയ പേമെന്റ് സീറ്റുകളും, പാർട്ടി കുത്തക സീറ്റുകളായി കൈവശം വെച്ചിരുന്ന മണ്ഡലങ്ങളിൽ കെട്ടിയിറക്കിയ സ്ഥാനാർത്ഥികളെ കൊണ്ടുവന്നതും, അണികളെ പുനർവിചിന്തനം നടത്താൻ പ്രേരിപ്പിക്കുന്ന വിധത്തിൽ നിരാശ ജനകമായ തീരുമാനങ്ങൾ ആയിട്ടുണ്ട്. അധികാരത്തിന്റെയും പണത്തിന്റെയും പിന്‍ബലത്തില്‍ പാര്‍ട്ടിയെ നോക്കുകുത്തിയാക്കി പിണറായി നേരിട്ടായിരുന്നു പല സ്ഥാനാര്‍ഥികളെയും തീരുമാനിച്ചത്. പിണറായി പാര്‍ട്ടിയെ വരുതിയിലാക്കുകയാണെന്നും, സി.പി.എം പാർട്ടി എന്നതിലുപരി വ്യക്തി കേന്ദ്രീകൃതമായി മാറി എന്നുമുള്ള ആക്ഷേപം മറ്റ് പല നേതാക്കള്‍ക്കുമുണ്ട്.
എതിർക്കുന്നവരെ രാഷ്ട്രീയമായി ഇല്ലാതാക്കുന്ന പിണറായിയുടെ മുന്നില്‍ ഇവരെല്ലാം താൽക്കാലിക മൗനം പാലിക്കുകയാണ്. മുൻപെങ്ങും ഉണ്ടായിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് സി.പി.എം കടന്നുപോകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ത്യയിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന നിലയിലേക്ക് പിണറായി വിജയനെ എത്തിക്കുമോ എന്ന് കാത്തിരുന്ന് കാണാം.
Post Your Comments