ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങൾ. ഫ്രാന്‍സ്, ബ്രിട്ടന്‍, നേപ്പാള്‍, റഷ്യ, ഭൂട്ടാന്‍, മാലദ്വീപ്, യുഎസ് എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. ഭീകരതയെ നേരിടാന്‍ ഇന്ത്യയ്ക്കൊപ്പം ഉറച്ചു നില്‍ക്കുമെന്ന് യുഎസ് സ്ഥാനപതി കെന്നത് ജസ്റ്റര്‍ അറിയിച്ചു. പൈശാചികമെന്നായിരുന്നു ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പ്രതികരിച്ചത്. ആക്രമണത്തിനു പിന്നാലെ ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായുമായും ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചർച്ച നടത്തുകയുണ്ടായി.
അതേസമയം സംഭവത്തില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചു. എന്‍ഐഎയുടെ 12 അംഗസംഘം വെള്ളിയാഴ്ച രാവിലെ, സ്ഫോടനം നടന്ന സ്ഥലത്തെത്തും. ഫൊറന്‍സിക് വിദഗ്ധരും സംഘത്തിലുണ്ടാകും. ആക്രമണത്തിനു പിന്നിലെ വിദേശ പങ്ക് കണ്ടെത്താന്‍ ശ്രമം നടക്കുന്നുണ്ട്. എന്‍എസ്ജിയിലെ സ്ഫോടകവസ്തു വിദഗ്ധരും വെള്ളിയാഴ്ച പരിശോധനയ്ക്കെത്തും.
Post Your Comments