പാലാ: ജ്വല്ലറികളിലെത്തി മോഷണം നടത്തിയിരുന്ന പ്രതികള്‍ അറസ്റ്റില്‍. ജീവനക്കാരുടെ ശ്രദ്ധ തിരിച്ച് സ്വര്‍ണം മോഷ്ടിക്കുന്ന തമിഴ്നാട് ഡിണ്ടിഗല്‍ സ്വദേശി സനാഫുള്ളയും (42) സഹായി ഷൊര്‍ണൂര്‍ കുറിയാറ്റ തൊടിയില്‍ മജീദും (55) ആണ് പൊലീസ് പിടിയിലായത്. ഇക്കഴിഞ്ഞ 2 ന് ഉച്ചയ്ക്ക് പാലാ പ്രവിത്താനത്തുള്ള ജ്വല്ലറിയില്‍ നിന്ന് 10 പവന് സ്വര്‍ണം കവര്‍ന്ന കേസിലാണ് ഇവര്‍ പിടിയിലായത്. ഡിണ്ടിഗല്‍ ഭാഗത്ത് പൊലീസ് സംഘം ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിലാണ് സനാഫുള്ള പിടിയിലായത്. ചോദ്യം ചെയ്യലില്‍ മോഷണ സ്വര്‍ണം വാങ്ങി വില്‍ക്കുന്ന മജീദിനെപ്പറ്റി വിവരം ലഭിച്ചു. തുടര്‍ന്ന് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്തു നിന്ന് മജീദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികള്‍ തൊടുപുഴ, മൂവാറ്റുപുഴ, തൃശൂര്‍, പാലക്കാട് വഴി തമിഴ്നാട്ടിലേക്ക് കടന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തമിഴ്നാട്ടിലെ അന്വേഷണത്തില്‍ സമാന രീതിയില്‍ പോണ്ടിച്ചേരിയിലെ ഒരു ജ്വല്ലറിയില്‍ 2 വര്‍ഷം മുന്‍പ് മോഷണം നടന്നതായി വിവരം ലഭിച്ചു. അന്നത്തെ സിസി ടിവിയില്‍ അവ്യക്തമായി കണ്ട രജിസ്ട്രേഷന് നമ്പരാണ് കേസില്‍ വഴിത്തിരിവായത്. സനാഫുള്ള പോണ്ടിച്ചേരി, തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളില്‍ സമാന രീതിയില്‍ മോഷണം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. കമ്പം, കുമളി, മുണ്ടക്കയം വഴി ബൈക്കിലെത്തി മോഷണ ശേഷം തൊടുപുഴ, തൃശൂര്‍, പാലക്കാട് വഴി തമിഴ്നാട്ടിലേക്ക് രക്ഷപ്പെടുകയാണ് പതിവ്. സ്വര്‍ണം വിറ്റു കിട്ടുന്ന പണം ലഹരി വസ്തുക്കള്‍ വാങ്ങാനും മറ്റുമാണ് ഉപയോഗിച്ചിരുന്നത്.
Post Your Comments