തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് കാരണം വോട്ടുകുറഞ്ഞുപോകുമോ സീറ്റുകുറഞ്ഞു പോകുമോ എന്ന ഭയം ഇടതുപക്ഷത്തിനില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്ത്രീപുരുഷ സമത്വത്തിന് വേണ്ടി നിന്നതിന്റെ പേരില്‍ ഒരു വോട്ട് ഇടതുമുന്നണിയ്ക്ക് കുറഞ്ഞുപോകുന്നുണ്ടെങ്കില്‍ അത് കുറഞ്ഞുപോകട്ടെ എന്നാണ് ഇടതുപക്ഷം സ്വീകരിക്കുന്ന നിലപാടെന്നും കോടിയേരി പറഞ്ഞു. എല്‍ഡിഎഫിന്റെ കേരള സംരക്ഷണയാത്രയുടെ തെക്കന്‍മേഖല ഉദ്ഘാടന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എത്ര സീറ്റ് കിട്ടും, എത്ര വോട്ട് കിട്ടും എന്ന് നോക്കിയിട്ടല്ല. സ്ത്രീപക്ഷത്ത് നില്‍ക്കേണ്ട വിഷയത്തില്‍ നിലപാട് സ്വീകരിക്കേണ്ടത്. ലിംഗനീതി നടപ്പാക്കുക എന്നത് ഇന്നത്തെ കാലഘട്ടത്തില്‍ ഒരു നവോത്ഥാന മുദ്രാവാക്യമാണ്. സംസ്ഥാനത്ത് യാഥാസ്ഥിതിക വിഭാഗവും പുരോഗമനശക്തികളും തമ്മില്‍ ഏറ്റുമുട്ടുകയാണെന്നും അതില്‍ തങ്ങള്‍ പുരോഗമനശക്തികള്‍ക്കൊപ്പമാണ്-കോടിയേരി പറഞ്ഞു.
ഇത്തരമൊരു നിലപാട് സ്വകരിച്ചത് കാരണം ജനങ്ങളോക്കെ ഇടതുപക്ഷത്തെ എതിര്‍ക്കുമെന്ന സര്‍വേകള്‍ക്ക് പിന്നാലെ തങ്ങള്‍ പോകേണ്ടതില്ലെന്നും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിഞ്ഞ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments