KeralaLatest News

ഗുരുവായൂര്‍ ആനയോട്ടം : വനം വകുപ്പും ഗുരുവായൂര്‍ ദേവസ്വവും തമ്മില്‍ തര്‍ക്കം

ഗുരുവായൂര്‍: ഗുരുവായൂര്‍ ഉത്സവത്തിനു മുന്നോടിയായി ഞായറാഴ്ച നടക്കുന്ന ആനയോട്ടം വൈകീട്ട് നാലിനാക്കണമെന്നും ആനകളെ ഒന്നിച്ചിറക്കരുതെന്നും സോഷ്യല്‍ ഫോറസ്ട്രി വിഭാഗം ആവശ്യപ്പെട്ടു. കനത്ത ചൂട് പരിഗണിച്ചാണ് നിര്‍ദേശം. എന്നാല്‍, ഉത്സവത്തിന്റെ ഭാഗമായി കാലങ്ങളായി നടക്കുന്ന ചടങ്ങായതിനാല്‍ സമയം മാറ്റാന്‍ കഴിയില്ലെന്ന് ദേവസ്വം വ്യക്തമാക്കി. ദേവസ്വവും വനംവകുപ്പും പോലീസും ചേര്‍ന്ന് നടന്ന ചര്‍ച്ചയിലാണ് നിര്‍ദേശങ്ങള്‍ ഉയര്‍ന്നത്. ഈയിടെ പലയിടങ്ങളിലും ആനകള്‍ ഇടഞ്ഞ് പ്രശ്‌നങ്ങളുണ്ടാക്കിയ സാഹചര്യത്തില്‍ ആനയോട്ടം വളരെ ജാഗ്രതയോടെയായിരിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്.

നാട്ടാന പരിപാലന നിയമപ്രകാരം രാവിലെ 11 മുതല്‍ ഉച്ചതിരിഞ്ഞ് നാലുവരെ ആനകളെ എഴുന്നള്ളിക്കാന്‍ പാടില്ല. ആനയോട്ടത്തിന്റെ സമയം ഉച്ചയ്ക്ക് മൂന്നാണെങ്കിലും ആരംഭചടങ്ങുകളൊക്കെ പൂര്‍ത്തിയാകുമ്പോള്‍ തുടങ്ങാന്‍ മൂന്നരയാകുമെന്നാണ് ദേവസ്വം അധികൃതര്‍ വിശദീകരിച്ചത്.

മൊത്തം 25 ആനകളെയാണ് പങ്കെടുപ്പിക്കുന്നത്. പദ്മനാഭന്‍ മുതലുള്ള 25 ആനകളുടെയും പേരുകള്‍ യോഗത്തില്‍ അംഗീകരിച്ചു. പത്ത് ആനകളില്‍നിന്ന് നറുക്കിട്ടെടുക്കുന്ന അഞ്ചാനകളെയാണ് മുന്നില്‍ ഓടിക്കുക. കണ്ണന്‍, നന്ദിനി, ദേവി, അച്യുതന്‍, ഗോപീകൃഷ്ണന്‍, ഗോപീകണ്ണന്‍, ചെന്താമരാക്ഷന്‍, വിഷ്ണു, നന്ദന്‍, രവികൃഷ്ണന്‍ എന്നീ പത്താനകളുടെ പേരുകളാണ് ആനചികിത്സാ വിദഗ്ധര്‍ നിശ്ചയിച്ച് നല്‍കിയിട്ടുള്ളത്.

ആനയോട്ടത്തിന്റെ തലേന്ന് രാവിലെ നറുക്കിട്ടെടുക്കുന്ന അഞ്ചു ആനകള്‍ മാത്രം മത്സരത്തിന് ഓടിയാല്‍ മതിയെന്നും പിന്നാലെയുള്ള മറ്റ് ആനകള്‍ നടന്നാല്‍ മതിയെന്നും തീരുമാനിച്ചു. ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള ആനകളെല്ലാം വനംവകുപ്പിന്റെ പരിശോധന പൂര്‍ത്തിയാക്കിയിട്ടുള്ളതാണ്. ആനയോട്ടസമയത്ത് ആനയുടെ കൂടെ പാപ്പാന്‍മാരൊഴികെ ആരേയും ഓടാന്‍ അനുവദിക്കില്ല. ക്ഷേത്രത്തില്‍ നിന്ന് മണിയെടുത്ത് ഓടാന്‍ ആനക്കാരെ മാത്രമേ അനുവദിക്കൂ. ഉത്സവം കൊടിയേറുന്ന 17-ന് ഉച്ചയ്ക്ക് മൂന്നിന് മഞ്ജുളാലില്‍നിന്ന് ആനയോട്ടം ആരംഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button