റിയാദ്: സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിക്കും. 19, 20 തീയതികളിലാണ് കിരീടാവകാശി ഇന്ത്യയിലെത്തുന്നതെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു.
സന്ദര്‍ശനത്തിന് മുന്നോടിയായി ഇരു രാഷ്ട്രങ്ങളും നയതന്ത്ര കൂടിയാലോചനകള്‍ പൂര്‍ത്തിയാക്കി. ദ്വിദിന സന്ദര്‍ശനവേളയില്‍ വിവിധ മേഖലകളില്‍ കൂടുതല്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിന് കരാറുകള്‍ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷ. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുമായി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി 2016-ല്‍ സൗദി സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ സന്ദര്‍ശനം. 29 ലക്ഷം ഇന്ത്യന്‍ പ്രവാസി സമൂഹമാണ് സൗദി അറേബ്യയിലുള്ളത്. അതുകൊണ്ടുതന്നെ കിരീടാവകാശിയുടെ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമാണ് ഇന്ത്യ നല്‍കുന്നത്.
സൗദി കിരീടാവകാശിയായി നിയമിതനായ ശേഷം ആദ്യമായാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യ സന്ദര്‍ശനത്തിനൊരുങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് സന്ദര്‍ശനം. മന്ത്രിമാര്‍, മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടാകും.
Post Your Comments