റിയാദ്: അര്‍ജന്‍റീനയ്‌ക്കെതിരെ അട്ടിമറി ജയം സമ്മാനിച്ച ഫുട്ബോള്‍ താരങ്ങള്‍ക്ക് റോള്‍സ് റോയ്സ് ഫാന്റം സമ്മാനമായി നൽകുമെന്ന് സൗദി രാജകുമാരന്‍ മൊഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദ്. ടീം ലോകകപ്പ് മത്സരം കഴിഞ്ഞ് തിരികെ നാട്ടിലെത്തുമ്പോള്‍ സൗദി രാജകുമാരന്‍ സമ്മാനം നല്‍കുമെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വമ്പൻ അട്ടിമറികളിലൊന്നിലൂടെ ലോക ഫുട്ബോളില്‍ തുടക്കമിട്ടതിന് പിന്നാലെ സൗദി കിരീടാവകാശി ഒപ്പമുള്ളവരെ കെട്ടിപിടിച്ച് ആഘോഷം പങ്കിട്ടതിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മത്സരം കാണാന്‍ ഓഫീസുകള്‍ക്ക് ഭാഗിക അവധി നല്‍കിയ സൗദി അറേബ്യ മത്സര വിജയത്തിന് പിന്നാലെ ദേശീയ അവധി അടക്കം നല്‍കിയാണ് ദേശീയ ടീമിന്‍റെ വിജയം ആഘോഷിച്ചത്.
സ്വകാര്യ പൊതു മേഖല സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും അടക്കമായിരുന്നു അവധി പ്രഖ്യാപിച്ചത്. മത്സരത്തില്‍ പ്രതിരോധ ശ്രമത്തിനിടെ പരിക്കേറ്റ ഡിഫന്‍ഡര്‍ യാസർ അൽ സഹ്‌റാനിയെ എയര്‍ ലിഫ്റ്റ് ചെയ്ത് ജര്‍മനിയിലെത്തിക്കാന്‍ കിരീടവകാശി ഉത്തരവിട്ടതും വാര്‍ത്തയായിരുന്നു. താരത്തിന്‍റെ താടിയെല്ലിന് പൊട്ടലുണ്ട്. കൂടാതെ, ഇടത് മുഖത്തെ എല്ലും ഒടിഞ്ഞിരുന്നു.
ലുസൈല്‍ സ്റ്റേഡിയത്തില്‍ ലോകകപ്പ് ഫുട്ബോളില്‍ ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിലെത്തിയ അര്‍ജന്‍റീനയെ രണ്ടാം പകുതിയില്‍ രണ്ട് ഗോളടിച്ചാണ് സൗദി അട്ടിമറിച്ചത്. 10-ാം മിനിറ്റില്‍ ലയണൽ മെസിയുടെ പെനല്‍റ്റി ഗോളില്‍ മുന്നിലെത്തിയ അര്‍ജന്‍റീനയെ 48-ാം മിനിറ്റില്‍ സാലെഹ് അല്‍ഷെഹ്‌രിയിലൂടെ സൗദി ഒപ്പമെത്തി. 53-ാം മിനിറ്റിൽ സൗദി തങ്ങളുടെ രണ്ടാം ഗോളും നേടി.
Post Your Comments