ന്യൂഡല്‍ഹി: ദളിത് നേതാവും എംഎല്‍യുമായ ജിഗ്‌നേഷ് മേവാനി മുഖ്യാതിഥിയായ പരിപാടിക്ക് അഹമ്മദാബാദിലെ എച്ച്കെ ആര്‍ട്സ് കോളേജ് അധികൃതര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും രാജിവച്ചു. പ്രിന്‍സിപ്പല്‍ ഹേമന്ത് കുമാര്‍ ഷായും വൈസ് പ്രിന്‍സിപ്പല്‍ മോഹന്‍ഭായ് പാര്‍മറും കോളേജ് മാനേജ്മെന്റ് ആയ ബ്രഹ്മചാരി വാദി ട്രസ്റ്റിന് രാജി നല്‍കി. ഒരു രാഷ്ട്രീയ പാര്‍ടിയുടെ ഭീഷണിക്ക് വഴങ്ങി ട്രസ്റ്റ് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഹനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഹേമന്ത് കുമാര്‍ ഷാ രാജി നല്‍കിയത്.
ഭീഷണിയുടെ പേരില്‍ അഭിപ്രായ സ്വാതന്ത്ര്യം അടിയറവു വയ്ക്കുന്നത് അപമാനമാണെന്ന് അദ്ദേഹം രാജിക്കത്തില്‍ ചൂണ്ടിക്കാട്ടി. ബിജെപിയുടെ ഭീഷണിയെ തുടര്‍ന്ന് ക്യാമ്പസില്‍ പരിപാടി നടത്തുന്നത് ട്രസ്റ്റ് വിലക്കുകയായിരുന്നു. കോളേജിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയായ മേവാനിയെ വാര്‍ഷിക പരിപാടിക്ക് മുഖ്യാതിഥിയായാണ് ക്ഷണിച്ചിരുന്നത്. അംബേദ്കറുടെ ജീവിതവും ദൗത്യവും എന്ന വിഷയത്തില്‍ സംസാരിക്കാനാണ് മേവാനിയെ ക്ഷണിച്ചത്. ബിജെപി അക്രമികളുടെ ഭീഷണിമൂലമാണ് പരിപാടി റദ്ദാക്കിയതെന്ന് മേവാനി പറഞ്ഞു.
Post Your Comments