ന്യൂഡല്‍ഹി: ഗുജറാത്ത് എം.എൽ.എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയുടെ അറസ്റ്റിൽ പ്രതികരിച്ച് നേതാക്കൾ. ജിഗ്നേഷിനെ അറിയില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. അറസ്റ്റിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘ആരാണയാള്‍, എനിക്ക് അറിയില്ല’ എന്നായിരുന്നു ഹിമന്തയുടെ മറുപടി. ജിഗ്നേഷിനെ അറസ്റ്റ് ചെയ്ത വിവരം താന്‍ അറിഞ്ഞില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഹിമന്തയ്ക്ക് പുറമെ, സ്വര ഭാസ്കർ, കനയ്യ കുമാർ, രാഹുൽ ഗാന്ധി തുടങ്ങിയവരും ജിഗ്നേഷിന്റെ അറസ്റ്റിൽ പ്രതികരിച്ചു.
‘ജിഗ്നേഷിനെ പാലംപൂർ സർക്യൂട്ട് ഹൗസിൽ നിന്ന് അസം പോലീസ് അറസ്റ്റ് ചെയ്തുവെന്ന് ഒരു സുഹൃത്ത് വിളിച്ചറിയിച്ചു. അദ്ദേഹത്തിന്റെ ഫോണുകൾ തടഞ്ഞുവച്ചിരിക്കുകയാണ്. എഫ്.ഐ.ആർ കോപ്പി ആരുടെയും പക്കലില്ല. എന്താണ് നടക്കുന്നത്? എന്തിനാണ് ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്തത്. ജിഗ്നേഷിനെ വെറുതെ വിടുക’, സ്വര ഭാസ്കർ ട്വീറ്റ് ചെയ്തു.
‘ജിഗ്നേഷ് മേവാനിയെ പലൻപൂർ സർക്യൂട്ട് ഹൗസിൽ നിന്ന് അസം പോലീസ് അറസ്റ്റ് ചെയ്തു. എഫ്.ഐ.ആറിന്റെ പകർപ്പ് പോലീസ് ഇതുവരെ ഞങ്ങളുമായി പങ്കുവെച്ചിട്ടില്ല, അസമിൽ അദ്ദേഹത്തിനെതിരെ ഫയൽ ചെയ്ത ചില കേസിനെക്കുറിച്ച് ഞങ്ങളെ അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തെ അസമിലേക്ക് നാടുകടത്താൻ സാധ്യതയുണ്ട്. ടീം ജിഗ്നേഷ് മേവാനി’, കനയ്യ കുമാർ ട്വീറ്റ് ചെയ്തു.
അതേസമയം, ബുധനാഴ്ച രാത്രി 11.30ഓടെ ഗുജറാത്തിലെ പാലൻപുരിൽ നിന്നാണ് മേവാനിയെ പോലീസ് അറസ്റ്റ് ചെയ്തത്. അസമിലെ കൊക്രജാര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു മേവാനിയുടെ അറസ്റ്റ്. ബുധനാഴ്ച രാത്രി ഗുജറാത്തിലെ പാലന്‍പൂരില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത മേവാനിയെ ഗുവാഹത്തിയില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൊക്രജാറിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇദ്ദേഹത്ത മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡയില്‍ വിട്ടു. 14 ദിവസത്തെ കസ്റ്റഡിയായിരുന്നു പൊലീസ് ആവശ്യപ്പെട്ടത്. തിങ്കളാഴ്ച മേവാനി ഗുവാഹത്തി കോടതയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കും.
അസമിലെ കൊക്രജാറിൽ നിന്നുള്ള ബി.ജെ.പി നേതാവ് അരൂപ് കുമാർ ഡേയുടെ പരാതിയിലാണ് മേവാനിയെ അറസ്റ്റ് ചെയ്തത്. ക്രിമിനൽ ഗൂഢാലോചന, സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, സമാധാന ലംഘനം ഉത്തേജിപ്പിക്കുക എന്ന ഉദ്ദേശത്തോടെയുള്ള മനഃപൂർവം അപമാനിക്കൽ എന്നീ വകുപ്പുകളും ഐടി നിയമത്തിന്റെ ഏതാനും വകുപ്പുകളും ചേര്‍ത്തായിരുന്നു എഫ്.ഐ.ആര്‍ ഇട്ടത്. മോദി ഗോഡ്‌സയെ ദൈവമായി ആരാധിക്കുന്നു എന്ന ട്വീറ്റിനെതിരെയായിരുന്നു ബി.ജെ.പി നേതാവിന്റെ പരാതി. ഏപ്രിൽ 18 ന് അദ്ദേഹം പോസ്റ്റ് ചെയ്ത രണ്ട് ട്വീറ്റുകൾ ‘നിയമപരമായ ആവശ്യപ്രകാരം’ തടഞ്ഞുവെന്ന് മേവാനിയുടെ ട്വിറ്റർ അക്കൗണ്ട് കാണിക്കുന്നുണ്ട്. ‘മേവാനിയുടെ ട്വീറ്റിന്മേൽ ദിവസങ്ങൾക്ക് മുമ്പ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ട്വീറ്റ് ട്വിറ്റർ തടഞ്ഞുവച്ചിരിക്കുകയാണ്.
മേവാനിയുടെ അറസ്റ്റില്‍ പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ‘മോദിജി, ഭരണകൂട സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് നിങ്ങള്‍ക്ക് വിയോജിപ്പുകളെ തകര്‍ക്കാന്‍ ശ്രമിക്കാം. എന്നാല്‍ നിങ്ങള്‍ക്ക് ഒരിക്കലും സത്യത്തെ തടവിലാക്കാനാവില്ല’, എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
Post Your Comments