കാസര്‍കോട്: ജില്ലയില്‍ 17,376 പുതിയ വോട്ടര്‍മാര്‍. ജനുവരി 31 വരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ന്നവരാണിവര്‍. മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ 6147 പേരുടെയും കാസര്‍കോട് 2596 പേരുടെയും ഉദുമയില്‍ 3148 പേരുടെയും കാഞ്ഞങ്ങാട് 2455 പേരുടെയും തൃക്കരിപ്പൂരില്‍ 3030 പേരുടെയും വര്‍ധനവുണ്ടായി. ഇതോടെ ജില്ലയിലെ വോട്ടര്‍മാരുടെ എണ്ണം 9,86,170 ആയി. ഇതില്‍ 4,81,967 പുരുഷന്മാരും 5,04,203 സ്ത്രീകളുമാണ്.
ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കവേ കൂടുതല്‍ പേരെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എ കെ രമേന്ദ്രന്‍ പറഞ്ഞു. സ്ഥാനാര്‍ഥി നോമിനേഷന്‍ പിന്‍വലിക്കുന്ന അവസാന തിയതി വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം ലഭിക്കും.
ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, വിവിപാറ്റ് സംവിധാനം എന്നിവ പരിചയപ്പെടുത്തുന്നതിനുള്ള പരിശീലനം നടന്നു. വോട്ടെടുപ്പ് യന്ത്രത്തെകുറിച്ച് ആക്ഷേപങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പരിശീലനം. വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഒരു വില്ലേജില്‍ അഞ്ചില്‍ കുറയാത്ത സ്ഥലങ്ങളില്‍ ബോധവല്‍ക്കരണം നടത്തും. ആദ്യഘട്ടമെന്ന നിലയിലാണ് രാഷ്ട്രിയ പാര്‍ടി പ്രതിനിധികള്‍ക്ക് പരിശീലനം നല്‍കിയത്. തെരഞ്ഞെടുപ്പ് നടപടി കൂടുതല്‍ സുതാര്യമാക്കാന്‍ വോട്ടെടുപ്പിന് മുമ്പ് മോക്‌പോളില്‍ 50 വോട്ട് ചെയ്യണമെന്നും വിവിപാറ്റില്‍ ലഭിക്കുന്ന സ്ലിപ്പുകള്‍ വോട്ടുമായി താരതമ്യം ചെയ്ത് ഉറപ്പുവരുത്തി സീല്‍ ചെയ്ത് സൂക്ഷിച്ച്വയ്ക്കുമെന്നും ജില്ലാതല വോട്ടെടുപ്പ് പരിശീലകന്‍ ഗണേഷ് ഷേണായി പറഞ്ഞു.
Post Your Comments