ഐ.എം.ദാസ്
എംഎസ്എഫ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട് ഏഴ് വര്‍ഷം കഴിഞ്ഞ് സമര്‍പ്പിക്കപ്പെട്ട കുറ്റപത്രത്തില്‍ സിപിഎമ്മിന്റെ പ്രബല നേതാവിനെതിരെ ചുമത്തിയിരിക്കുന്നത് കൊലക്കുറ്റം. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി സിബിഐ തലശ്ശേരി കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 302, 120 ബി എന്നീ വകുപ്പുകള്‍ അനുസരിച്ചുള്ള കുറ്റങ്ങള്‍ ജയരാജനെതിരെ ചുമത്തിയാണ് സിബിഐ കുറ്റപത്രം. പി ജയരാജിനൊപ്പം മറ്റൊരു നേതാവായ ടി.വി രാജേഷും സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലെ പ്രതിയാണ്. . ഗൂഢാലോചനക്കുറ്റമാണ് ടിവി രാജേഷിനെതിരെയുള്ളത്. 2016 ലാണ് ഷുക്കൂര്‍ വധക്കേസ് സിബിഐക്ക് വിട്ടത്. ഈ കേസില്‍ പി ജയരാജന്‍ തുടക്കം മുതല്‍ തന്നെ സംശയത്തിന്റെ നിഴലിലായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരിലോ, വടകരയിലോ ജയരാജന്‍ മത്സരിച്ചേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചതോടെ ഈ സാധ്യത പൂര്‍ണമായും അടയുകയാണ്.
വിവാദമായ കാര്‍ ആക്രമണവും കൊലപാതകവും
2012 ഫെബ്രുവരി 20നാണ് സിപിഎം ശക്തികേന്ദ്രമായ കീഴറ വള്ളുവന്‍കടവില്‍ വച്ച് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. പി.ജയരാജനും ടി.വി രാജേഷും സഞ്ചരിച്ച കാര്‍ തളിപ്പറമ്പിന് അടുത്ത് പട്ടുവത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയും ഇതിന് ശേഷം മണിക്കൂറുകള്‍ക്കകം ഷുക്കൂര്‍ വള്ളുവന്‍കടവില്‍ കൊല്ലപ്പൈടുകയുമായിരുന്നു. സിപിഎം നേതാക്കള്‍ ആക്രമിക്കപ്പെട്ടതിന്ന പിന്നാലെ പലയിടങ്ങളിലായി അക്രമസംഭവങ്ങള്‍ നടന്നിരുന്നു. പി ജയരാജനും ടിവി രാജേഷും സഞ്ചരിച്ചിരുന്ന കാര്‍ ആക്രമിച്ച സംഘത്തില്‍ ഷുക്കൂര്‍ ഉണ്ടെന്ന് ഉറപ്പാക്കിയതിന് ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. ഷുക്കൂറിനെ പിടികൂടുകയും അദ്ദേഹത്തിന്റെ ഫോട്ടോ മൊബൈലില്‍ കൂടി അയച്ച് നല്‍കി ആക്രമിച്ച സംഘത്തിലുണ്ടായിരുന്നു എന്ന് ഉറപ്പ് വരുത്തിയതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
കൊല നടന്നത് പി ജയരാജന്റെ അറിവോടെ
ഷുക്കൂറിനെ പാര്‍ട്ടിക്കാര്‍ പിടികൂടിയ വിവരം അറിഞ്ഞിട്ടും കൊലപാതകം നടത്തുന്നത് തടയാന്‍ ശ്രമിച്ചില്ല എന്ന കുറ്റമായിരുന്നു കേസിന്റെ ആദ്യ ഘട്ടത്തില്‍ 118 വകുപ്പ് പ്രകാരം ജയരാജനെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ സിബിഐ നടത്തിയ തുടരന്വേഷണനൊടുവിലാണ് ഇപ്പോള്‍ കൊലക്കുറ്റം ചുമത്തി കുറ്റപത്രം നല്‍കിയത്. മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരില്‍ നിന്നും സിബിഐ വിശദമായ മൊഴി എടുത്തതിന് ശേഷമാണ് കുറ്റപത്രത്തില്‍ ജയരാജനെതിരെ കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. രണ്ടാഴ്ച മുമ്പാണ് തലശ്ശേരി സെഷന്‍സ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. ആശുപത്രിയില്‍ വച്ച് ഗൂഢാലോചന നടന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.
അറസ്റ്റില്‍ പ്രതിഷേധിച്ച് നാടാകെ അക്രമം
കേസുമായി ബന്ധപ്പെട്ട് പി ജയരാജന്റെ പേര് ഉയര്‍ന്നപ്പോള്‍ തന്നെ ശക്തമായ പ്രതിരോധം തീര്‍ത്ത് പാര്‍ട്ടി അദ്ദേഹത്തെ സംരക്ഷിക്കുകയായിരുന്നു.കേസില്‍ മൊഴിയെടുക്കാന്‍ കണ്ണൂര്‍ ടൗണ്‍ സി.ഐ. ഓഫീസില്‍ വിളിച്ചുവരുത്തിയ പി.ജയരാജനെ അറസ്റ്റുചെയ്ത് ജയിലിലടച്ചതോടെ അനുയായികളും സഖാവിന് പിന്തുണയുമായി തെരുവിലറങ്ങി. ജയരാജനെ അറസ്റ്റ് ചെയ്ത ശേഷം കണ്ണൂര്‍ ജില്ലയില്‍ മാത്രം 157 അക്രമക്കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. പോലീസുകാര്‍ ഉള്‍പ്പെടെയയുള്ളവര്‍ പാര്‍ട്ടിപ്രവര്‍ത്തകരുടെ അക്രമത്തിന് ഇരകളായി. മാത്രമല്ല കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ രണ്ട് സി.ഐ.മാരുടെ ക്വാര്‍ട്ടേഴ്സും ആക്രമിക്കപ്പെട്ടിരുന്നു. ഷുക്കൂര്‍ കേസിലെ എല്ലാ പ്രതികളും സിപിഎം പ്രവര്‍ത്തകരാണെന്ന് സിബിഐഐ ആദ്യം നല്‍കിയ അന്വേഷണ തത്സ്ഥിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
സഖാക്കളെ വെട്ടിലാക്കി അന്ന് ടിപി സെന്‍കുമാര്‍
സംസ്ഥാനപൊലീസ് മേധാവിയായിരുന്ന ടിപി സെന്‍കുമാറിനെ സിപിഎമ്മിന്റെ കണ്ണിലെ കരടാക്കിയതിന് പിന്നിലെ ഒരു കാരണം ഷുക്കൂര്‍ കൊലക്കേസില്‍ അദ്ദേഹം സ്വീകരിച്ച നിലപാട് തന്നെയാണ്. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നായിരുന്നു സെന്‍കുമാറിന്റെ നിലപാട്. എന്തായാലും കൊല്ലപ്പെട്ട ഷുക്കൂറിന്റ മാതാവ് ആത്തിക്കയുടെ പരാതി് കേസില്‍ നിര്‍ണായകമാറ്റത്തിന് സഹായകമായി. കേസിലെ ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കപ്പെടാതിരുന്നതാണ് ആത്തിക്ക ചോദ്യം ചെയ്തത്. പാര്‍ട്ടി നേതാക്കളായ പി ജയരാജനും ടിവി രാജേഷിനും എതിരെ ശക്തമായ അന്വേഷണം നടന്നില്ലെന്നും കേസന്വേഷണം ആദ്യം നടത്തിയ കേരള പൊലീസ് വേണ്ടത്ര തെളിവുകള്‍ ശേഖരിച്ചിട്ടില്ലെന്നും ആത്തിക്ക പരാതിപ്പെട്ടിരുന്നു.
പ്രതിരോധത്തിലാകുന്ന സിപിഎം
അതേസമയം സംസ്ഥാനപൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയ കേസ് ഹൈക്കോടതി സിബിഐക്ക് വിട്ടതിനെതിരെ ശക്തമായ വാദങ്ങളാണ് പിജയരാജന്‍ ഉന്നയിച്ചത്. കേസ് സിബിഐക്ക ്‌കൈമാറും മുമ്പ് ഹൈക്കോടതി തന്റെ വാദം കേള്‍ക്കാന്‍ തയ്യാറായില്ലെന്നായിരുന്നു ജയരാജന്‍ ചൂണ്ടിക്കാട്ടിയത്. അന്വേഷണത്തിന്റെ പേരില്‍ സിബിഐ തന്നെ പീഡിപ്പിക്കുകയാണെന്നും ഇദ്ദേഹം ആരോപിച്ചിരുന്നു. രാഷ്ട്രീയ കലാപങ്ങളും കൊലപാതകങ്ങളും വിവാദഭൂമിയാക്കിയ കണ്ണൂരില്‍ നിന്നുള്ള നേതാവിന്റെ രാഷ്ട്രീയഭാവിക്ക് ഷുക്കൂര്‍ വധക്കേസ് പോലെതന്നെ കതിരൂര്‍ മനോജ് വധക്കേസും വിലങ്ങ്തടിയായതാണ്. കേസും അറസ്റ്റും ജയില്‍വാസവും കാരണം കഴിഞ്ഞ നിയസഭാതെരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്നു. എല്ലാം ഒന്ന് ശാന്തമായെന്ന് കരുതി ആശ്വസിച്ചതാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് തരമാകുമന്നെ് ആശ്വസിച്ച സഖാവിന്റെ തലയില്‍ വെള്ളിടി വെട്ടിയപോലെയാണിപ്പോള്‍ സിബിഐയുടെ കുറ്റപത്രം.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കകുമ്പോഴാണ് സിപിഎമ്മിലെ രണ്ട് പ്രബലനേതാക്കള്‍ കൊലക്കേസ് പ്രതികളാകുന്നത്. പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് വീണുകിട്ടിയ ഈ ആയുധത്തെ എങ്ങനെ പ്രതിരോധിക്കുമെന്ന അങ്കലാപ്പിലാണ് സിപിഎം. ഇനി വഴി സിബിഐയുടെ വിശ്വാസ്യത ചോദ്യം ചെയ്യുക എന്നത് മാത്രമാണ്. മോദി കേന്ദ്രം ഭരിക്കുമ്പോള്‍ കേരളത്തിലെ നിരപരാധിയായ സഖാക്കളെ സിബിഐ വെറുതേ വിടുമോ എന്നൊക്കയാകും ചോദ്യങ്ങള്‍. അതുംപോരാഞ്ഞ് ബംഗാളില്‍ മമതദീദീ ചെയ്തതുപോലെ സഖാക്കളെ സംരക്ഷിക്കാന്‍ ധര്‍ണയോ പ്രതിഷേധമോ എന്തുമാകാമല്ലോ ഇനി.
Post Your Comments