മുംബൈ നഗരത്തിലെ ഭക്ഷണപ്രിയരായ ആയിരക്കണക്കിനാളുകള്‍ക്ക് ആശ്വാസമാണ് സ്വിഗ്ഗി, സോമോറ്റോ, ഉബര്‍ ഇറ്റ്‌സ്, തുടങ്ങിയ ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകള്‍. എന്നാല്‍ ഈ ആപ്പുകള്‍ ഇപ്പോള്‍ ആപ്പിലാക്കുന്നത് കാല്‍നടക്കാരെയും ട്രാഫിക് പൊലീസിനെയുമാണ്.
ഫുഡ് ഡെലിവറി നടത്തുന്ന ഡെലവിറി ബോയ്‌സിന്റെ ഇരുചക്രവാഹനങ്ങള്‍ സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്കാണ് ട്രാഫിക് പൊലീസിനെ ചുറ്റിക്കുന്നത്. മന്തിങ്ക, ഘാട്‌കോപര്‍, കണ്ഡിവലി മുതലായ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ഇതിന് പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് അധികൃതരെ സമീപിച്ചിരിക്കുകയാണ്. അതിവേഗതയില്‍ വണ്ടി ഓടിക്കുന്നതും മറ്റുള്ളവര്‍ക്ക് അസൗകര്യം സൃഷ്ടിച്ച് പാര്‍ക്ക് ചെയ്യുന്നതുമാണ് നഗരവാസികളെ ചൊടിപ്പിച്ചത്.
കിങ്‌സ് സര്‍ക്കിളില്‍ റസ്റ്റോറന്റുകള്‍ക്ക് മുന്നില്‍ നിന്ന് ട്രാഫിക് പൊലീസ് കഴിഞ്ഞ ദിവസം അനധികൃതപാര്‍ക്കിംഗുകാരെ ഓടിച്ചിരുന്നു. ബിഎംസിക്കും ട്രാഫിക് അധികൃതര്‍ക്കും ഇതിനെതിരെ ഒട്ടേറെ പരാതികള്‍ നല്‍കിയിട്ടും ശാശ്വതമായ പരിഹാരമില്ലെന്നാണ് നഗരവാസികളുടെ പരാതി. കാല്‍നടയാത്രക്കാര്‍ക്ക് വേണ്ടിയുള്ള ഫുട്പാത്തില്‍ ഒരേസമയം പത്തും പന്ത്രണ്ടും ബൈക്കുകളാണ് പാര്‍ക്ക് ചെയ്യുന്നതെന്നും ഇത് വലിയ അസൗകര്യമാണ് ഉണ്ടാക്കുന്നതെന്നും കാല്‍നടയാത്രക്കാരും പരാതിപ്പെടുന്നുണ്ട്.
അതേസമയം സുരക്ഷയക്കാണ് ആദ്യമുന്‍ഗണനയെന്നും റോഡില്‍ അസൗകര്യങ്ങള്‍ സൃഷ്ടിക്കുന്ന വിധത്തിലുള്ള യാത്ര പാടില്ലെന്നും വിതരണക്കാര്‍ക്ക് കര്‍ശനമായ നിര്‍ദേശം നല്‍കുന്നുണ്ടെന്നാണ് ഡെലിവറി ആപ്പായ സ്വിഗ്ഗിയുടെ വക്താവ് പറയുന്നത്. ഡെലിവറി താമസിച്ചാല്‍ പിഴ ഈടാക്കാറില്ലെന്നും മറ്റുള്ളവര്‍ക്ക് അസൗകര്യം സൃഷ്ടിക്കുന്ന ഗതാഗതടസം ഉണ്ടാക്കുന്നതിനോട് ശക്തമായി വിയോജിക്കുന്നെന്നുമാണ് മറ്റ് ആപ്പ് വക്താക്കളും വ്യക്തമാക്കുന്നത്
Post Your Comments