കൊണ്ടോട്ടി: : പ്രളയത്തേക്കാള്‍ വലിയ ദുരന്തമാണ് പിണറായി വിജയനും സംസ്ഥാന സര്‍ക്കാരുമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ജനമഹായാത്രയ്ക്ക് കൊണ്ടോട്ടിയില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തിലെ പരാജയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ശബരിമല വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നത്. പ്രളയം കഴിഞ്ഞ് ആറുമാസം കഴിഞ്ഞിട്ടും ദുരന്തത്തിന്റെ രൂപരേഖപോലും തയ്യാറാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
രാജ്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സി.പി.എമ്മിന് യാതൊരു ബോധ്യവുമില്ല. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാനുള്ള ഉത്തരവാദിത്വം സി.പി.എമ്മിനുണ്ട്. ആ ഉത്തരവാദിത്വം സി.പി.എം. നിര്‍വഹിക്കുന്നില്ല. ഭൂരിപക്ഷം കിട്ടിയാലും കോണ്‍ഗ്രസ് ഭരണകൂടം വരാന്‍ സാധ്യതയില്ലെന്ന കോടിയേരിയുടെ അഭിപ്രായം ബി.ജെ.പിക്ക് വേണ്ടിയാണ്. കേന്ദ്ര സര്‍ക്കാര്‍ ഓരോരോ കാരണങ്ങള്‍ പറഞ്ഞ് കരിപ്പൂര്‍ വിമാനത്താവളത്തോട് അവഗണനയാണ് കാണിക്കുന്നത്. സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ സ്വകാര്യമായി പറഞ്ഞത് വിമാനത്താവളത്തോട് ഉദാസീനമായ നിലപാട് സ്വീകരിക്കണമെന്ന് മോദി പറഞ്ഞുവെന്നാണ്. -മുല്ലപ്പള്ളി ആരോപിച്ചു.
പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനംചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അബ്ദുള്‍അലി അധ്യക്ഷനായി. ടി. ആലിഹാജി, ഡി.സി.സി. പ്രസിഡന്റ് വി.വി. പ്രകാശ്, എ.പി. അനില്‍കുമാര്‍ എം.എല്‍.എ. കെ.പി. അനില്‍കുമാര്‍, ലതിക സുഭാഷ്, ടി.വി. ഇബ്രാഹിം എം.എല്‍.എ, ബെന്നി ബഹന്നാന്‍, കെ.സി. അബു തുടങ്ങിയവര്‍ സംസാരിച്ചു.
Post Your Comments