Latest NewsKerala

ആന പ്രേമം അതിരുവിട്ടാല്‍.. ആനപ്രേമത്തെ നിശിതമായി വിമര്‍ശിച്ച് കുറിപ്പ് വൈറലാകുന്നു

ആന പ്രേമം അതിരുവിട്ടാല്‍.. ആനപ്രേമത്തെ നിശിതമായി വിമര്‍ശിച്ച് കുറിപ്പ് വൈറലാകുന്നു. ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ കൊണ്ടുവന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആന ഇടഞ്ഞതിനെ തുടര്‍ന്ന് രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ´ആനപ്രേമ´ത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് ഒരു ഫേസ്ബുക്ക് കുറിപ്പ്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ `കുറുമ്പുകളുടെ´ ലിസ്റ്റ് അക്കമിട്ട് നിരത്തി കൊണ്ടാണ് വിഷ്ണു വിജയന്‍ ഫേസ്ബുക്കില്‍ ഈ കുറിപ്പ് എഴുതിയിരിക്കുന്നത്.

ഇന്നലെ ഈ ആന ഇടയാന്‍ കാരണം അടുത്ത പറമ്പില്‍ ആരോ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്ന് പരിഭ്രാന്തനായത് മൂലമാണെന്നും വിരണ്ടോടിയ ആന ഒരു തെങ്ങ് തള്ളി താഴെയിടുന്ന വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ഒരു പടക്കം പൊട്ടിച്ചാല്‍ വിരണ്ടോടുന്ന, തെങ്ങ് പിഴുതെറിയുന്ന ഈ ജീവിയെയാണ് ആയിരങ്ങള്‍ പങ്കെടുക്കുന്ന ഉത്സവത്തിന് അത്രയധികം ജനങ്ങളുടെ ഇടയില്‍ കൊണ്ടു നിര്‍ത്തുന്നതെന്നും വിഷ്ണു വിജയന്‍ ചൂണ്ടിക്കാട്ടുന്നു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് കുറുമ്പ് അല്‍പം കൂടുതലാണ്.

തൃശൂരില്‍ ഗൃഹപ്രവേശത്തിനത്തിനും ഉത്സവത്തിനും വേണ്ടി കൊണ്ടുവന്ന ആന ഇടഞ്ഞോടിയ സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും, എട്ട് പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തതിന് ശേഷം ഇടഞ്ഞോടിയ തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രന്‍ എന്ന ആനയെ കുറിച്ച് ആനപ്രേമികളുടെ അഭിപ്രായമാണ് മുകളില്‍ പറഞ്ഞത്.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കുറുമ്പിന്റെ ഒരു ബ്രീഫ് ഹിസ്റ്ററി ഇങ്ങനെയാണ്.

2009 ലാണ് തൃശൂരില്‍ ഒരു ക്ഷേത്രത്തില്‍ വച്ച് ഇടഞ്ഞതിനെ തുടര്‍ന്ന് ആക്രമണത്തില്‍ ഒരു പന്ത്രണ്ടു വയസ്സുകാരന്‍ മരിക്കുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.

ആ വര്‍ഷം തന്നെ എറണാകുളത്തപ്പന്‍ ക്ഷേത്രത്തില്‍ വെച്ച് അക്രമത്തില്‍ ഒരു സ്ത്രീ മരിക്കുകയും ചെയ്തു.

2013 ലാണ് പെരുമ്പാവൂരില്‍ ഇടഞ്ഞപ്പോള്‍ മൂന്ന് സ്ത്രീകളുടെ ജീവനാണ് നഷ്ടപ്പെട്ടത്.

ആറ് പാപ്പാന്‍മാരും, നാല് സ്ത്രീകളും ഉള്‍പ്പെടെ ഇന്നലെ തൃശ്ശൂര്‍ നടന്ന സംഭവമടക്കം 12 ജീവനുകളാണ് ആനപ്രേമികള്‍ പറയുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കുറുമ്പില്‍ നഷ്ടമായത്.

പാപ്പാന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ഈ ആനയുടെ വലതുകണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരുന്നു. അതിനുശേഷം കാലക്രമേണ ഇടതുകണ്ണിന്റെ കാഴ്ച ശക്തിയും ഭാഗികമായി നഷ്ടപ്പെട്ടു.

ഇന്നലെ ഈ ആന ഇടയാന്‍ കാരണം അടുത്ത പറമ്പില്‍ ആരോ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്ന് പരിഭ്രാന്തനായത് മൂലമാണ്. വിരണ്ടോടിയ ആന ഒരു തെങ്ങ് തള്ളി താഴെയിടുന്ന വീഡിയോയും പുറത്തു വന്നിട്ടുണ്ട്.

നോക്കണേ ഒരു പടക്കം പൊട്ടിച്ചാല്‍ വിരണ്ടോടുന്ന, തെങ്ങ് പിഴുതെറിയുന്ന ഈ ജീവിയെയാണ് ആയിരങ്ങള്‍ പങ്കെടുക്കുന്ന ഉത്സവത്തിന് അത്രയധികം ജനങ്ങളുടെ ഇടയില്‍ കൊണ്ടു നിര്‍ത്തുന്നത്.

ഒരു തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കഥയല്ല ഇത്. ഇന്റര്‍നെറ്റില്‍ വെറുതെ ഒന്നു സെര്‍ച്ച് ചെയ്താല്‍ കിട്ടും കേരളത്തില്‍ അങ്ങോളമിങ്ങോളം ആന ഇടഞ്ഞതിന്റെ നൂറുകണക്കിന് വീഡിയോകള്‍.

പല ജീവനുകള്‍ പൊലിഞ്ഞിട്ടും യാതൊരു തടസ്സവുമില്ലാതെ അതേ ആനകളെ നിര്‍ദ്ദയം എഴുന്നള്ളിപ്പിനും, ഉത്സവത്തിനും ഉള്‍പ്പെടെ ഉപയോഗിച്ച് വരുന്നു.

ഉത്സവത്തിനും, പെരുന്നാളിനും മാത്രമല്ല, ടൂറിസം, ഉത്ഘാടനങ്ങള്‍, ചില പ്രോഗ്രാമുകള്‍, ഗൃഹപ്രവേശത്തിനത്തിന് പോലും അഭിമാനം കാണിക്കാനായി ഈ ജീവീയെ ഉപയോഗിച്ച് വരുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.

കാട്ടില്‍ ജീവിക്കേണ്ട ഒരു ജീവിയെയാണ് നാട്ടില്‍ കൊണ്ടുവന്ന്, പൊരിവെയിലത്ത് നിര്‍ത്തി ആനപ്രേമം എന്നൊക്കെ പേരിട്ട് ക്രൂരത കാണിക്കുന്നത്.

ഫലമോ, അതിന്റെ അക്രമത്തില്‍ പരുക്കേല്‍ക്കുന്നതും, നഷ്ടപ്പെടുന്നതും നൂറുകണക്കിന് ജീനുകള്‍, ഒടുവില്‍ അതിന് ആനയുടെ കുറുമ്പ് എന്ന വിശേഷണവും, ഇങ്ങനെ ആനയുടെ അക്രമണത്തില്‍ നഷ്ടപ്പെടുന്ന ജീവനുകളെ പോലും നിസ്സാരവത്കരിച്ച് പറയാന്‍ കഴിയുന്ന മാനസികാവസ്ഥയിലാണ് ഈ മനുഷ്യരൊക്കെ ജീവിക്കുന്നത്.

അത്രത്തോളം തരംതാണ മാനസിക നിലവാരത്തെയാണ് ഇവര്‍ ആനപ്രേമം എന്ന പേരിട്ട് മഹത്വവത്കരിച്ച് കൊണ്ടു നടക്കുന്നത്…

shortlink

Related Articles

Post Your Comments

Related Articles


Back to top button