Latest NewsKerala

ജനപിന്തുണ ലുട്ടാപ്പിക്കാണ് ,ലുട്ടാപ്പിയെ വിളിക്കു കോണ്‍ഗ്രസിനെ രക്ഷിക്കു – എ എ റഹീം

തിരുവനന്തപുരം : കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രയെ പരിഹസിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം രംഗത്ത്. അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ ലുട്ടാപ്പിയെ ബാലരമയില്‍ നിന്നും ഒഴിവാക്കിയതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങളെയും ചേര്‍ത്തു വെച്ചാണ് റഹിം ജനമഹായത്രയെ പരിഹസിക്കുന്നത്. ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു റഹീമിന്റെ പരിഹാസം.

മുല്ലപ്പള്ളിയുടെ ജാഥയ്ക്ക് ലഭിയ്ക്കുന്നതിന്റെ എത്രയോ ഇരട്ടി സ്വീകാര്യത മിസ്റ്റര്‍ ലുട്ടാപ്പിയ്ക്ക് ലഭിക്കുന്നു.’കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍’ ലുട്ടാപ്പിയെ ഒരു വര്‍ക്കിങ് പ്രസിഡണ്ടെങ്കിലും ആക്കി ഒരു പരീക്ഷണത്തിന് ശ്രമിക്കുന്നത് ഉചിതമായിരിക്കും. മുല്ലപ്പള്ളിയും ശ്രീധരന്‍പിള്ളയും ഒരുമിച്ച് ഒരു കുന്തത്തില്‍ കയറി പറക്കുമ്പോള്‍ മിസ്റ്റര്‍ ലുട്ടാപ്പിയും അദ്ദേഹത്തിന്റെ കുന്തവും ഇരുവര്‍ക്കും സഹായമാകുമെന്ന് പ്രതീക്ഷിക്കാം.- റഹീം പോസ്റ്റില്‍ കുറിക്കുന്നു.

ലോകസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന സംസ്ഥാനത്തു കോണ്‍ഗ്രസ്സിന്റെ ജനപിന്തുണയുടെ വേദിയാകേണ്ട സംസ്ഥാന അധ്യക്ഷന്‍ നയിക്കുന്ന കേരള യാത്രയിലെ ആളില്ലാത്ത കസേരകള്‍ പറയുന്നത്, കോണ്‍ഗ്രസ്സിനെ തിരസ്‌കരിക്കുന്ന കേരളത്തെക്കുറിച്ചാണെന്നും അദ്ദേഹം പറയുന്നു. സംഘ്പരിവാറിനെതിരെ രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളും കൈകോര്‍ത്തു നില്‍ക്കുമ്പോള്‍, കേരളത്തില്‍, കോണ്‍ഗ്രസ്സും ബിജെപിയുമായി ചേര്‍ന്ന് നാലു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭരണമാണ് അട്ടിമറിച്ചത്. മുല്ലപ്പള്ളിയുടെ ജാഥ പ്രഖ്യാപിച്ചതിനു ശേഷമാണു നാലിടത്തും ആര്‍എസ്എസ് യുമായി കോണ്‍ഗ്രസ് കൈകോര്‍ത്ത് അധികാരം കൊയ്യാന്‍ ഇറങ്ങിയത്. -റഹീം പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ലുട്ടാപ്പിയെ വിളിക്കൂ കോൺഗ്രസ്സിനെ രക്ഷിക്കൂ…

ആറ്റുനോറ്റ് കാത്തിരുന്നു, കോൺഗ്രസ്സിന് കിട്ടിയ കെപിസിസി പ്രസിഡന്റ് ആണ് മുല്ലപ്പള്ളി.
പുതിയ പ്രസിഡന്റ് നയിക്കുന്ന ആദ്യ കേരള യാത്ര, അതായത് ‘മധുവിധുകാല’ത്തെ കേരളപര്യടനം.

കെപിസിസി പ്രസിഡന്റിനും കോൺഗ്രസ്സിനുമുള്ള ജനപിന്തുണ നോക്കൂ.. 
എവിടെയും ആളൊഴിഞ്ഞ കസേരകൾ, ആളും പണവും ഇല്ലാത്ത കമ്മിറ്റികളെ പിരിച്ചുവിട്ട് മുല്ലപ്പള്ളിയ്ക്ക് തന്നെ ഇപ്പോൾ മടുത്തു തുടങ്ങിയിരിക്കുന്നു.

ലോകസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുന്ന സംസ്ഥാനത്തു കോണ്‍ഗ്രസ്സിന്റെ ജനപിന്തുണയുടെ വേദിയാകണമല്ലോ, സംസ്ഥാന അധ്യക്ഷൻ നയിക്കുന്ന കേരള യാത്ര. ആളില്ലാത്ത കസേരകൾ പറയുന്നത്, കോൺഗ്രസ്സിനെ തിരസ്കരിക്കുന്ന കേരളത്തെക്കുറിച്ചാണ്.

സംഘ്പരിവാറിനെതിരെ രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളും കൈകോർത്തു നിൽക്കുമ്പോൾ, കേരളത്തിൽ, കോൺഗ്രസ്സും ബിജെപിയുമായി ചേർന്ന് നാലു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭരണമാണ് അട്ടിമറിച്ചത്. മുല്ലപ്പള്ളിയുടെ ജാഥ പ്രഖ്യാപിച്ചതിനു ശേഷമാണു നാലിടത്തും ആർഎസ്എസ് യുമായി കോണ്‍ഗ്രസ് കൈകോർത്ത് അധികാരം കൊയ്യാൻ ഇറങ്ങിയത്.

മുല്ലപ്പള്ളി പ്രസിഡന്റ് ആയതിൽ പിന്നെ കേരളത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ കോണ്‍ഗ്രസ് ഗതിപിടിച്ചിട്ടില്ല. 
മുല്ലപ്പള്ളി 2018 സെപ്റ്റംബർ 19 നാണ് ചുമതലയേറ്റത്.ഒക്ടോബർ 12നു ഫലം വന്നപ്പോൾ 20 ൽ 13 സീറ്റുകൾ എൽഡിഫിന് ലഭിച്ചു. നവംബർ 30 ആയപ്പോൾ 39 ൽ 21സ്ഥലങ്ങളിൽ എൽഡിഫ് വിജയം കൊയ്തു. ശബരിമല വിധിയെ തുടർന്ന് കോണ്‍ഗ്രസ് -ബിജെപി സമരം ശക്തമായ ദിവസങ്ങളിൽ കയ്യിലിരുന്ന പല തദ്ദേശ സ്ഥാപനങ്ങളും കോൺഗ്രസ്സിന് നഷ്ടപ്പെട്ടു.

ശബരിമല വിധിക്കു ശേഷം തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കവേ മുല്ലപ്പള്ളി സ്വീകരിച്ച നിലപാട് എന്നും എക്കാലവും അദ്ദേഹത്തെ നോക്കി പരിഹസിച്ചു കൊണ്ടേയിരിക്കും. 
എന്താണ് നിലപാട്, എന്തുകൊണ്ട്?
ഒരു വ്യക്തതയുമില്ലാതെ ഇരുട്ടിൽ തപ്പുന്ന നേതൃത്വം. 
ബിജെപി പറഞ്ഞതിൽ നിന്നും വ്യത്യസ്തമായി മുല്ലപ്പള്ളിയോ പ്രതിപക്ഷ നേതാവോ ഒരു വാർത്താസമ്മേളനം പോലും നടത്തിയിട്ടില്ല.

സെക്രട്ടറിയേറ്റ് നടയിൽ ബിജെപിയും നിയമസഭയ്ക്കുള്ളിൽ കോൺഗ്രസ്സും ഒരേ മുദ്രാവാക്യങ്ങൾ വിളിച്ചു, ഒരുപോലെ നിരാഹാരം കിടന്നു!

ഐക്യജനാധിപത്യമുന്നണി വിപുലീകരിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞിരുന്നു, ബിജെപിയെ ചേർത്തുള്ള വിപുലീകരണ ദൗത്യമാണ് മുല്ലപ്പള്ളിയുടെയും രമേശ്‌ ചെന്നിത്തലയുടെയും 
കെ സുധാകരന്റെയും കാർമ്മികത്വത്തിൽ കേരളത്തിൽ നടക്കുന്നത്.

അന്നൊരിക്കൽ വിമോചന സമരകാലത്ത്, അപകടം പിടിച്ച അവിശുദ്ധ രാഷ്ട്രീയ സഖ്യമുണ്ടാക്കരുത് എന്ന് കേരളത്തിലെ കോണ്‍ഗ്രസ്സിനോട് ഉപദേശിക്കാൻ നെഹ്‌റു എന്നൊരാൾ ഡൽഹിയിലുണ്ടായിരുന്നു. ഇന്ന് രാഹുൽഗാന്ധിയെ ഇവിടെയുള്ളവർ ഉപദേശിക്കുകയാണ് രീതിയത്രെ !

ബിജെപിയുമായി കൈകോർത്ത ഏതെങ്കിലും സ്ഥലത്തു ഒരു അച്ചടക്ക നടപടിപോലും മുല്ലപ്പള്ളി പ്രഖ്യാപിച്ചില്ല. 
ശ്രീധരൻപിള്ള, കോൺഗ്രസ്സുമായി സഹകരിച്ച ബിജെപിക്കാർക്കെതിരെയും നടപടി സ്വീകരിച്ചിട്ടില്ല. ആർഎസ്എസ്- കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു നാലിടത്തെയും സഖ്യ നീക്കമെന്ന് ശ്രീധരൻ പിള്ളയുടെയും മുല്ലപ്പള്ളിയുടെയും നിശബ്ദത വ്യക്തമാക്കുന്നു.

ശബരിമല വിധിയ്ക്ക് ശേഷം കൊടിയെടുക്കാതെ ഒരുമിച്ച് സമരം നയിച്ച ആർഎസ്എസും കോൺഗ്രസ്സും ഇന്ന് ഇടതു പക്ഷത്തെ പുറത്താക്കാൻ പരസ്യമായി കൈകോർത്തു നിൽക്കുന്നു. ഏതോ സവർണ്ണ സഭയിൽ വച്ചു ആർഎസ്എസ്- കോണ്‍ഗ്രസ് ഉടമ്പടി യാഥാർഥ്യമായി കഴിഞ്ഞിരിക്കുന്നു.
1991 ലെ കോലീബി സഖ്യം പിൽക്കാലത്തു നേതാക്കൾ തന്നെ ഏറ്റു പറഞ്ഞത് പോലെ നാളെയൊരിക്കൽ മുല്ലപ്പള്ളിയുടെ കാലത്തെക്കുറിച്ചും കുമ്പസാരം പ്രതീക്ഷിക്കാം.

പക്ഷെ, കൊടിയെടുത്തും എടുക്കാതെയും ആർഎസ്എസ് ബന്ധം പുലർത്തുന്ന കോൺഗ്രസ്സിനെ അണികളും കേരളവും കൈവിടുന്നതിന്റെ തെളിവാണ് മുല്ലപ്പള്ളിയെ സ്വീകരിക്കാൻ കാത്തുകിടക്കുന്ന ആളൊഴിഞ്ഞ കസേരകൾ !.

മുല്ലപ്പള്ളിയുടെ ജാഥയ്ക്ക് ലഭിയ്ക്കുന്നതിന്റെ എത്രയോ ഇരട്ടി സ്വീകാര്യത മിസ്റ്റർ ലുട്ടാപ്പിയ്ക്ക് ലഭിക്കുന്നു.
‘കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ’ ലുട്ടാപ്പിയെ ഒരു വർക്കിങ് പ്രസിഡണ്ടെങ്കിലും ആക്കി ഒരു പരീക്ഷണത്തിന് ശ്രമിക്കുന്നത് ഉചിതമായിരിക്കും.
മുല്ലപ്പള്ളിയും ശ്രീധരന്‍പിള്ളയും ഒരുമിച്ച് ഒരു കുന്തത്തിൽ കയറി പറക്കുമ്പോൾ 
മിസ്റ്റർ ലുട്ടാപ്പിയും അദ്ദേഹത്തിന്റെ കുന്തവും ഇരുവർക്കും സഹായമാകുമെന്ന് പ്രതീക്ഷിക്കാം.

https://www.facebook.com/aarahimofficial/photos/a.598878690191329/2087675531311630/?type=3&__xts__%5B0%5D=68.ARCj6EbxJl7oUftMqdMOw_ICQc8tTbT2mx_X5QdH_BDYx3JGxRcMDwhNkjfaSIriPogqCWQK_NV_mq2St6GDp74ru69l8AjqNiqFuelPCvO8te-RskIIkPxfhfVueEjrLjCsoH1ovQLGEJZbottnHL8rMlm1FYym0hEOe6POJpmlFMpfXicUx6BR-3jspFZIcUoorm9Zdm0bz55SyPd0OA4I5PbGq1eLpl5rAFKlSGSs7KWYFGPr5euONhFBVnGvfAD_tI-q_28Rg3nqb9mG7I_XsrzRuECSEQgRtXyjbvM7PixyhnxuL3WRrotB0Ry1TS6HVbOk8n_aEKVUoq_D0-9fzQ&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button