KeralaLatest NewsNews

വന്‍തോതില്‍ പണം ചെലവിട്ടും അന്യായമായ മാര്‍ഗങ്ങള്‍ വഴിയുമാണ് ബിജെപി ത്രിപുരയില്‍ കഷ്ടിച്ച് ഭൂരിപക്ഷം നേടിയത്: എ.എ റഹിം

തിരുവനന്തപുരം: ത്രിപുരയില്‍ കോണ്‍ഗ്രസുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടിട്ടും സിപിഎം പരാജയപ്പെടുകയാണ് ഉണ്ടായത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ആരും തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്താത്തത് തോല്‍വിക്ക് കാരണമായതായി സിപിഎം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ബിജെപി അന്യായമായ മാര്‍ഗങ്ങളിലൂടെയാണ് കഷ്ടിച്ച് വിജയിച്ചതെന്ന് രാജ്യസഭാ എം.പി എ.എ റഹിം ചൂണ്ടിക്കാട്ടുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

60 അംഗ നിയമസഭയില്‍ 2018ല്‍ 44 സീറ്റ് നേടിയ ബിജെപി സഖ്യത്തിന് ഇക്കുറി 11 സീറ്റ് കുറഞ്ഞതായും എ.എ റഹിം തന്റെ കുറിപ്പില്‍ പറയുന്നു.

Read Also: കേരളത്തിൽ ബിജെപി അധികാരത്തിൽ വരുമെന്നത് മലർപ്പൊടിക്കാരൻ്റെ സ്വപ്നം മാത്രം: വി.എം സുധീരൻ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം..

‘അഭൂതപൂര്‍വമായ അളവില്‍ പണം ചെലവിട്ടും അന്യായമായ ഇതര മാര്‍ഗങ്ങള്‍ വഴിയുമാണ് ബിജെപി ത്രിപുരയില്‍ കഷ്ടിച്ച് ഭൂരിപക്ഷം നേടിയത്. 60 അംഗ നിയമസഭയില്‍ 2018ല്‍ 44 സീറ്റ് നേടിയ ബിജെപി സഖ്യത്തിന് ഇക്കുറി 11 സീറ്റ് കുറഞ്ഞു. ബിജെപിയെ നിരാകരിച്ച്, ഇടതുമുന്നണിക്കും പ്രതിപക്ഷ സ്ഥാനാര്‍ഥികള്‍ക്കും വോട്ട് ചെയ്ത എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍’.

‘വളരെയേറെക്കാലം സംസ്ഥാനത്ത് പൊതുപ്രവര്‍ത്തനത്തിന് സ്വാതന്ത്ര്യം നിഷേധിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷം അടിച്ചമര്‍ത്തലുകള്‍ നേരിട്ട് സിപിഎമ്മിനും ഇടതുമുന്നണിക്കും വേണ്ടി നിലകൊള്ളുകയും ധൈര്യപൂര്‍വം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും ചെയ്ത ആയിരക്കണക്കിന് കേഡര്‍മാര്‍ക്കും അനുഭാവികള്‍ക്കും അഭിനന്ദനങ്ങള്‍.
ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ വര്‍ധിത വീര്യത്തോടെയും ഊര്‍ജത്തോടെയും സിപിഎമ്മും ഇടതു മുന്നണിയും നിലകൊള്ളും’.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button