തിരുവനന്തപുരം• പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാഫേൽ വിമാന ഇടപാടും വൈദ്യുതി മന്ത്രി ആയിരിക്കെ പിണറായി വിജയൻ നടത്തിയ ലാവ്ലിൻ ഇടപാടും തമ്മിൽ അതിശയകരമായ സാമ്യമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
റാഫേൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് സർക്കാരുമായി സമാന്തര ചർച്ച നടത്തിയെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കുമ്പോൾ ഇ ബാലാനന്ദൻ കമ്മിറ്റി റിപ്പോർട്ടിനെ പോലും മറികടന്നു വിദേശ കമ്പനിയായ എസ്എൻസി ലാവ്ലിനുമായി ഇടപാടിന് പ്രേരിപ്പിക്കുന്നത് പിണറായി വിജയനായിരുന്നുവെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
പൊതുമേഖലാ സ്ഥാപനത്തെ ഒഴിവാക്കി അനിൽ അംബാനിയുടെ കമ്പനിക്ക് നരേന്ദ്രമോഡി ഇടപെട്ടു റാഫേൽ കരാറിൽ നേട്ടമുണ്ടാക്കി നൽകുന്നു. പൊതുമേഖലാ സ്ഥാപനത്തെ തഴഞ്ഞിട്ടാണ് ലാവലിന് വേണ്ടി പിണറായി ചുവന്ന പരവതാനി വിരിച്ചു കൊടുത്തത്. അന്വേഷണം ഒഴിവാക്കാൻ മോദിയും പിണറായിയും ഏതറ്റം വരെ പോകാനും തയാറാണ് എന്നും നാം കണ്ടു. നരേന്ദ്രമോദി സിബിഐ ഡയറക്റ്ററെ പാതി രാത്രി മാറ്റിയപ്പോൾ ലാവ്‌ലിൻ കേസ് സിബിഐക്ക് വിട്ടുകൊടുത്ത ഹൈക്കോടതി ജഡ്ജിയുടെ കോലം വെള്ളത്തിൽ ഒഴുക്കുകയാണ് സിപിഎമ്മുകാർ ചെയ്തത്. ഏത് സ്കെയിൽ വച്ച് അളന്നാലും നരേന്ദ്രമോദിയും പിണറായി വിജയനും അഴിമതി കേസിനെ ഒരേപോലെ ആണ് കൈകാര്യം ചെയ്തത് എന്ന് വ്യക്തമാകും.
ലാവ്ലിൻ കേസ് സുപ്രീംകോടതിയിൽ പരിഗണനയ്ക്ക് ഇരിക്കുമ്പോൾ കഴിഞ്ഞ കാര്യം എന്ന് കോടിയേരി ബാലകൃഷ്ണൻ എഴുതി തള്ളുന്നു. പാർട്ടികോടതി അല്ല സുപ്രീംകോടതി എന്ന് കോടിയേരി ഓർക്കണം. രണ്ട് അഴിമതി കേസുകളിലും കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പോരാട്ടം തുടരുമെന്നും ചെന്നിത്തല വ്യക്തമാക്കി.
https://www.facebook.com/rameshchennithala/photos/a.829504060441435/2237619709629856/?type=3&theater
Post Your Comments