ആറുമാനൂർ : ആറ്റിലേക്ക് കുഞ്ഞനുജൻ താഴാൻ തുടങ്ങിയപ്പോൾ രക്ഷകനായത് ഒൻപതുവയസ്സുകാരൻ ചേട്ടൻ. സഹോദരൻ സാമുവലി(3)നെ ഒഴുക്കിനെതിരെ നീന്തി ധീരതയോടെ രക്ഷിച്ച ഏറ്റുമാനൂർ എസ്എഫ്എസ് സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥി സഖറിയയ്ക്ക് നാടുമുഴുവൻ ധീരത അർപ്പിക്കുകയാണ്.
കൊച്ചിൻ ഷിപ്‌യാർഡിൽ കരാർ ജോലി നോക്കുന്ന ആറുമാനൂർ അരങ്ങത്ത് സോജന്റെയും സർവകലാശാലാ ഉദ്യോഗസ്ഥ മൃദുലയുടെയും മക്കളാണിവർ. വീടിനു ചേർന്ന് ഒഴുകുന്ന മീനച്ചിലാറിന്റെ കടവിൽ നാട്ടുകാർക്കൊപ്പവും കുളിക്കാൻ പോകുന്ന സ്വഭാവമുണ്ട് മൂന്നുവയസ്സുകാരൻ സാമുവലിന്. വല്യച്ഛൻ സഖറിയയുടെയും വല്യമ്മ മേരിക്കുട്ടിയുടെയും കണ്ണുവെട്ടിച്ച് കഴിഞ്ഞ ദിവസം സാമുവൽ തനിയെ ഇറങ്ങിപ്പോകുകയായിരുന്നു.
സ്കൂൾ വിട്ടു വീട്ടിലെത്തിയ സഹോദരങ്ങളായ സഖറിയ(9)യും സിറിയക്കും(5) സാമുവലിനെ തിരക്കുമ്പോഴാണു വീട്ടിലില്ലെന്ന് അറിയുന്നത്. സഖറിയ ഉടൻ വീടിനു ചേർന്നുള്ള മൂലേക്കടവിലേക്ക് ഓടി നോക്കി. കുഞ്ഞനിയൻ വെളളത്തിൽ മലർന്നുകിടന്ന് ആഴത്തിലേക്കു താഴുന്ന കാഴ്ചയാണു സഖറിയ കണ്ടത്. മീനച്ചിലാറിന്റെ അക്കരെ നിന്നു സംഭവം കണ്ട ഇതരസംസ്ഥാനത്തൊഴിലാളികൾ കൂവി ഒച്ചയിടുന്നുണ്ടായിരുന്നു. ഒട്ടും വൈകാതെ ആറ്റിലേക്ക് എടുത്തുചാടിയ സഖറിയ ഒരു കയ്യിൽ സാമൂവലിനെ പിടിച്ചുവലിച്ചു കരയിലേക്കു നീന്തി.തുടർന്ന് നാട്ടുകാർ കുട്ടിയെ എടുത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
Post Your Comments