ആലപ്പുഴ: ദമ്പതികളെ രാത്രി വഴിയില്‍ തടഞ്ഞ് സദാചാര ഗുണ്ടായിസം. ആലപ്പുഴ കൈനകരിയില്‍ റോഡരികില്‍ വാഹനം നിര്‍ത്തി ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരെ രണ്ടുപേര്‍ ചേര്‍ന്ന് തടഞ്ഞുവയ്ക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു. ഇത് ദമ്പതികള്‍ തന്നെയാണ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. കൈനകരി കവലയ്ക്ക് സമീപം കഴിഞ്ഞ രാത്രി 9 മണിയോടെയാണ് സംഭവം.
ബൈക്ക് വഴിയരികില്‍ നിര്‍ത്തി, ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വിജി, ഭാര്യ സ്മിത എന്നിവരെ വഴിയാത്രക്കാരായ രണ്ടുപേര്‍ ചോദ്യം ചെയ്യുകയായിരുന്നു. തങ്ങള്‍ ഭാര്യ ഭര്‍ത്താക്കന്മാരാണെന്ന് ഇവര്‍ ആവര്‍ത്തിച്ചു പറയുന്നത് മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍, സംശയം ഉന്നയിച്ച് യാത്രക്കാരിരുവരും ചേര്‍ന്ന് ദമ്പതികളെ തടഞ്ഞു വയ്ക്കുകയും അസഭ്യം പറയുകയും ചെയ്തു. നെടുമുടി പൊലീസിനെ വിവരം അറിയിച്ചെങ്കിലും അരമണിക്കൂറിനു ശേഷമാണ് സഹായം ലഭിച്ചത്. ദമ്പതികള്‍ കൈമാറിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊങ്ങ മണ്ണടിച്ചിറ വീട്ടില്‍ സാംകുമാര്‍, കൈനകരി കുട്ടമംഗംലം നിഖില്‍ ഭവനില്‍ നരേന്ദ്രന്‍ എന്നിവരെ രാത്രിതന്നെ പൊലീസ് അറസ്റ്റുചെയ്തു. പിന്നീട് ഇരുവരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
Post Your Comments