
കൊല്‍ക്കത്ത: കാല്‍ക്കത്ത പോലീസ് കമ്മിഷണറെ സി.ബി.ഐ. ചോദ്യംചെയ്യാനിരിക്കെ, സി.ബി.ഐ. ഇടക്കാല ഡയറക്ടറായിരുന്ന എം. നാഗേശ്വരറാവുവുമായി ബന്ധപ്പെട്ട രണ്ടിടങ്ങളില്‍ കൊല്‍ക്കത്ത പോലീസ് റെയ്ഡ് നടത്തി. ബംഗാള്‍സര്‍ക്കാരും കേന്ദ്രവും തമ്മില്‍ തുടരുന്ന രാഷ്ട്രീയയുദ്ധത്തിന്റെ പ്രതികാരമായി വ്യാഖ്യാനിച്ച ഈ റെയ്ഡ് നാഗേശ്വരറാവുവിന്റെ ഭാര്യ പങ്കാളിയായ സ്ഥാപനങ്ങളിലാണ് നടന്നത്. ഇതൊരു തുടക്കംമാത്രമാണെന്നും കമ്മിഷണറെ ചോദ്യംചെയ്യുന്ന രീതിക്ക് അനുസരിച്ച് തുടര്‍നടപടികള്‍ ഉണ്ടാകുമെന്നുമാണ് പോലീസ് കേന്ദ്രങ്ങളില്‍നിന്ന് ലഭിക്കുന്ന വിവരം.
റാവുവിന്റെ ഭാര്യ മാന്നെം സന്ധ്യ പങ്കാളിയായ അഞ്ജലീന മെര്‍ക്കന്റൈല്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലാണ് റെയ്ഡ് നടന്നത്. പ്രസ്തുതകമ്പനിയുമായി ബന്ധപ്പെട്ട് ചില ഗൗരവമുള്ള ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും റാവുവിന്റെ ഭാര്യ സംശയത്തിന്റെ നിഴലിലാണെന്നും പോലീസ് പറഞ്ഞു. പ്രാഥമികാന്വേഷണത്തില്‍ മൂന്ന് ഇടപാടുകള്‍ സംശയകരമായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, സ്ഥാപനവുമായി തനിക്ക് ബന്ധമില്ലെന്ന് നാഗേശ്വരറാവു പ്രസ്താവനയിലൂടെ അറിയിച്ചു.ശാരദ ചിട്ടിതട്ടിപ്പുകേസുമായി ബന്ധപ്പെട്ടാണ് കൊല്‍ക്കത്ത പോലീസ് കമ്മിഷണര്‍ രാജീവ് കുമാര്‍ ശനിയാഴ്ച സി.ബി.ഐ.ക്കുമുന്നില്‍ ചോദ്യംചെയ്യലിന് ഹാജരാകേണ്ടത്.
Post Your Comments