ബംഗളൂരു: കര്‍ണാടകയില്‍ ബിജെപിയും സഖ്യ സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുന്നു. കര്‍ണാടകത്തില്‍ വിപ്പ് ലംഘിച്ച നാല് എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൂറുമാറ്റ നിരോധനനിയമപ്രകാരം നടപടിയാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കോണ്‍ഗ്രസ് കത്ത് നല്‍കുകയും ചെയ്തു. അതോടൊപ്പം സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി നടത്തുന്ന ഓപ്പറേഷന്‍ താമര തുടരുകയാണെന്നാണ് കോണ്‍ഗ്രസും ജെഡിഎസും ആരോപിക്കുന്നത്.
ഇതോടെ പ്രതിരോധത്തിലായ ബിജെപി മുഖ്യമന്ത്രി കുമാരസ്വാമിക്കെതിരെ കടുത്ത ആക്ഷേപങ്ങളുമായാണ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. കുമാരസ്വാമി കൈക്കൂലി ആവശ്യപ്പെടുന്ന വീഡിയോ തിങ്കളാഴ്ച കര്‍ണാടക നിയമസഭയില്‍ പുറത്ത് വിടുമെന്ന് ബിജെപി മഹാദേവപുര എംഎല്‍എയായ ലിംബാവലി പറഞ്ഞു. ലെജിസ്‌ലേറ്റീവ് കൗണ്‍സില്‍ സീറ്റുകള്‍ വാഗ്ദാനം ചെയ്ത് 25 കോടി രൂപ കുമാരസ്വാമി ആവശ്യപ്പെട്ടെന്നാണ് ആക്ഷേപം.
മുതിര്‍ന്ന നേതാവും മന്ത്രിയുമായ രമേഷ് ജര്‍ക്കിഹോളി, ഉമേഷ് ജാദവ്, ബി നാഗേന്ദ്ര, മഹേഷ് കുമട്ടളളി എന്നീ എംഎല്‍എമാര്‍ക്കെതിരെയാണ് കോണ്‍ഗ്രസ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. അതോടൊപ്പം ജെഡിഎസ് എംഎല്‍എയെ സ്വാധീനിക്കാന്‍ പ്രതിപക്ഷ നേതാവ് ബി എസ് യെദ്യൂരപ്പ ശ്രമിച്ചെന്ന ആരോപണവുമായി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും രംഗത്തെത്തി. ഗുര്‍മിത്കല്‍ എംഎല്‍എ നഗന ഗൗഡയുടെ മകനും യെദ്യൂരപ്പയും തമ്മിലുളള ഫോണ്‍ സംഭാഷണമാണ് കുമാരസ്വാമി പുറത്തുവിട്ടത്. ശരണയുടെ അച്ഛന് 25 ലക്ഷം രൂപയും മന്ത്രി പദവിയും വാഗ്ദാനം ചെയ്യുന്നതാണ് ശബ്ദരേഖ.
Post Your Comments