കല്‍പ്പറ്റ: കല്‍പ്പറ്റയിലെ പുത്തൂര്‍വയല്‍ മഞ്ഞളാംകൊല്ലിയില്‍ പുള്ളിപ്പുലി കെണിയില്‍ കുടുങ്ങി ചത്ത സംഭവത്തില്‍ രണ്ടു പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. സ്ഥലം ഉടമ കൊട്ടാരം മനോജിന്റെ തോട്ടത്തിലെ തൊഴിലാളികളായ കാവുമന്ദം മാടക്കുന്ന് മേലെ കള്ളന്‍തോട് എസ്. രതീഷ് (30), കാവുമന്ദം മാടക്കുന്ന് മേലെ കള്ളന്‍തോട് എന്‍.സി. ചന്ദ്രന്‍ (46) എന്നിവരാണ് അറസ്റ്റിലായത്.
ഇരുവരും തോട്ടത്തിന് സമീപമുള്ള പാടിയിലാണ് താമസിക്കുന്നത്. ഇവര്‍ വന്യമൃഗങ്ങളെ കെണിവെച്ച് പിടിച്ച് ഇറച്ചി വില്‍ക്കുന്നവരാണെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വനംവകുപ്പ് കസ്റ്റഡിയിലെടുത്തത്. പാടിയില്‍ ചന്ദ്രന്‍ താമസിക്കുന്ന മുറിയില്‍ നിന്ന് കെണി വെക്കാനുപയോഗിക്കുന്ന കേബിള്‍, ഹെഡ് ലൈറ്റ്, അമ്പ്, വില്ല് തുടങ്ങിയവ പിടിച്ചെടുത്തു.
ബുധനാഴ്ച രാവിലെയാണ് മഞ്ഞളാംകൊല്ലി സരോജ് ട്രസ്റ്റ് വക കൊട്ടാരം എസ്റ്റേറ്റ് ഉടമയായ മനോജ് കൊട്ടാരം, റിയോണ്‍ എസ്റ്റേറ്റ് ഉടമയായ ഇലോണ്‍ എന്നിവരുടെ തോട്ടത്തിന്റെ അതിര്‍ത്തിയില്‍ എട്ടുവയസ്സുള്ള പുള്ളിപ്പുലിയെയാണ് കെണിയില്‍ കുടുങ്ങി ചത്തനിലയില്‍ കണ്ടെത്തിയത്. ജഡത്തിന് നാലു ദിവസത്തെ പഴക്കമുണ്ടായിരുന്നു. കെണി വെക്കാനുപയോഗിക്കുന്ന കേബിള്‍ പുലിയുടെ കഴുത്തില്‍ ചുറ്റിയിരുന്നു.സംഭവത്തില്‍ സ്ഥല ഉടമകളായ കൊട്ടാരം, മനോജ്, ഇലോണ്‍ എന്നിവര്‍ക്കെതിരെ ബുധനാഴ്ചതന്നെ വനംവകുപ്പ് കേസെടുത്തിരുന്നു.
Post Your Comments