കോഴിക്കോട്: സിപിഎമ്മും കോണ്‍ഗ്രസും ഒരു പോലെ വര്‍ജ്യ വസ്തുക്കളാണെന്നും അവരെ തോട്ടികൊണ്ട് പോലും തൊടാന്‍ ബിജെപി തയ്യാറാകില്ലെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ കേരളത്തില്‍ സി.പി.എമ്മും-ബി.ജെ.പിയും രഹസ്യധാരണയുണ്ടാക്കുന്നുവെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിനെതിരെ സംസാരിക്കുകയായിരുന്നു ശ്രീധരന്‍ പിള്ള.
കേരളത്തില്‍ ബിജെപിയുടെ ഗ്രാഫ് ഉയര്‍ന്നിട്ടുണ്ടെന്നും പരാജയ ഭീതിയിലാണ് ചെന്നിത്തലയുടെ ആരോപണമെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു. വയനാട് തരിയോട് പഞ്ചായത്തിലെ അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് കൊണ്ടാണ് കൂട്ടുകെട്ട് എന്നൊക്കെ ആരോപിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്. ആ വിഷയവുമായി ബന്ധപ്പെട്ട് വിശദീകരണം ചോദിച്ചിട്ടുണ്ട്. എവിടെയെങ്കിലും അങ്ങനെയൊരു കൂട്ട് കെട്ടിന് ശ്രമിച്ചാല്‍ അവര്‍ക്കെതിരേ നടപടിയുണ്ടാവുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഷമുള്ള മൂര്‍ഖന്‍ പാമ്പുകളാണ് കോണ്‍ഗ്രസും സിപിഎമ്മും. രണ്ടും ബിജെപിക്ക് ഒരുപോലെ അപകടമാണ്. അതുകൊണ്ടു തന്നെ ഒരു തരത്തിലും അങ്ങനെയൊരു അവിശുദ്ധ കൂട്ട് കെട്ട് ഉണ്ടാവില്ലെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി. അതേസമയം ബിജെപി-സിപിഎം കൂട്ടുകെട്ടിനായി നേതാക്കള്‍ ചര്‍ച്ച നടത്തിയെന്ന് ആരോപണമുന്നയിച്ച രമേശ് ചെന്നിത്തല എവിടെ വെച്ചാണ് ചര്‍ച്ച നടത്തിയതെന്നും അതിന്റെ വിശദാംശങ്ങള്‍ പുറത്ത് വിടാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments