Latest NewsKerala

കബളിപ്പിക്കുന്നത് തൊഴിലാക്കിയവര്‍ക്ക് മത്സരം വെച്ചാല്‍ ഒന്നാം സ്ഥാനം കോണ്‍ഗ്രസിനും രണ്ടാം സ്ഥാനം സി.പി.എമ്മിനുമായിരിക്കും: പിഎസ് ശ്രീധരൻ പിള്ള

കോഴിക്കോട് • കബളിപ്പിക്കുന്നത് തൊഴിലാക്കിയവര്‍ക്ക് മത്സരം വെച്ചാല്‍ ഒന്നാം സ്ഥാനം കോണ്‍ഗ്രസിനും രണ്ടാം സ്ഥാനം സിപിഎമ്മിനുമായിരിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ള. കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരു മുന്നണികളും ജനങ്ങൾക്ക് ശാപവും ഭാരവുമാണ്. രാജ്യം നിരാകരിച്ച പ്രസ്ഥാനങ്ങളുടെ നേതാക്കളാണ് ഇവര്‍. സിപിഎം കേരളത്തിലേക്ക് മാത്രം ചുരുങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎമ്മുമായി ബിജെപി ചര്‍ച്ച നടത്തിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം വിലകുറഞ്ഞതും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണ്. എവിടെ വെച്ചാണ് ചര്‍ച്ച നടന്നതെന്ന് കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കണം.

ജനങ്ങളെ പഠിപ്പിക്കേണ്ട അദ്ധ്യാപകരാണ് രാഷ്ട്രീയക്കാരെന്ന് പറഞ്ഞ നെഹ്‌റുവിന് ഇങ്ങനെ ഒരു അനുയായി ഉണ്ടായത് നാണക്കേടാണ്. കോണ്‍ഗ്രസ് നടത്തുന്ന യാത്ര പരാജയപ്പെട്ടപ്പോള്‍ കളവ് പ്രചരിപ്പിച്ച് ശ്രദ്ധ തിരിച്ചുവിടുകയാണ്. യാത്രയുടെ പരാജയത്തിന്റെ പാപഭാരം മറ്റുള്ളവരുടെ തലയില്‍ വെച്ചുകെട്ടുകയാണ്. കോണ്‍ഗ്രസ് നേതാവിന്റെ ആരോപണം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുകയാണ്.

പ്രളയബാധിതരായവര്‍ക്ക് ആയിരം വീട് നല്‍കുമെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ എവിടെയാണ് വീട് പണിതതെന്ന് കേരള ജനതയോടെ വ്യക്തമാക്കണം. എല്ലാവരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് ആ രംഗത്തുപോലുമുണ്ടായില്ല.

ഡൽഹിയിൽ മഹാസഖ്യത്തിന്റെ പേരില്‍ ഒരുമിച്ചു ചേര്‍ന്നവരാണ് യെച്ചൂരിയും രാഹുലും. അതോടെ ഈ രണ്ട് പാർട്ടികളുടെയും അവരുടെ മുന്നണികളുടെയും ഗ്രാഫ് താഴോട്ടാണ്. പാലക്കാട് ബിജെപിയെ മുനിസിപ്പല്‍ ഭരണത്തില്‍ നിന്ന് ഒഴിവാക്കാന്‍ ഇടതും വലതും കൊണ്ടുപിടിച്ച് പരിശ്രമിച്ചതാണ്. എന്നാല്‍ അത് പരാജയപ്പെടുകയായിരുന്നു.

കേരളത്തിലെ എല്ലാ വിഭാഗങ്ങളുടെയും പിന്തുണയും സ്വീകാര്യതയും ബിജെപിക്കുണ്ട്. ബിജെപിയെ സ്വീകരിക്കാന്‍ എല്ലാവരും തയ്യാറാവണം. എന്‍ഡിഎയില്‍ സീറ്റ് ധാരണ ഏതാണ്ട് പൂര്‍ത്തിയായി. പുതുമുഖങ്ങളും കഴിവുറ്റ നേതാക്കളും മത്സരരംഗത്തുണ്ടാകുമെന്നും ശ്രീധരൻ പിള്ള കോഴിക്കോട് പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.ജിജേന്ദ്രന്‍, ജില്ലാ വൈസ് പ്രസിഡന്റ് പി. ഹരിദാസന്‍, സി. അമര്‍നാഥ് എന്നിവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button