ഡല്‍ഹി: മഹാരാഷ്ട്രയില്‍ പ്രതിപക്ഷകക്ഷികളുടെ മഹാസഖ്യത്തിനുള്ള സാധ്യത മങ്ങുന്നു. എന്‍സിപി ഒഴികെ മറ്റു കക്ഷികള്‍ക്കെല്ലാംകൂടി നാല് സീറ്റ് മാത്രമേ നല്‍കൂവെന്ന കോണ്‍ഗ്രസ് നിലപാടാണ് സഖ്യത്തിന് തടസ്സമാകുന്നത്. 48 ലോക്‌സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് ബിജെപിയും ശിവസേനയും വീണ്ടും ഒന്നിച്ചു മത്സരിക്കാന്‍ കളമൊരുങ്ങുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് നിലപാട് ആത്മഹത്യാപരമാകും. പല സീറ്റിലും വിജയസാധ്യതയുള്ള പ്രകാശ് അംബേദ്കറുടെ ഭാരിപ ബഹുജന്‍ മഹാസംഘ് (ബിബിഎം), കര്‍ഷക നേതാവ് രാജു ഷെട്ടിയുടെ സ്വാഭിമാന്‍ പക്ഷ എന്നീ പാര്‍ടികള്‍ സഖ്യ ചര്‍ച്ചകള്‍ അവസാനിപ്പിച്ചു.
കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തോടൊപ്പം നില്‍ക്കാനുള്ള സാധ്യത തീരെ ഇല്ലാതായെന്ന് ഡോ. ബി ആര്‍ അംബേദ്കറുടെ ചെറുമകനായ പ്രകാശ് അംബേദ്കര്‍ പറഞ്ഞു. ”നരേന്ദ്ര മോഡിയോടുള്ള വിയോജിപ്പ് കൊണ്ടുമാത്രം ദളിതരും മുസ്ലിങ്ങളും കോണ്‍ഗ്രസിന് വോട്ട് ചെയ്യില്ല. കോണ്‍ഗ്രസ് നേതൃത്വവുമായി ഞങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നു. 12 സീറ്റ് ആവശ്യപ്പെട്ടു. അത് ഞങ്ങള്‍ക്കുവേണ്ടി മാത്രമല്ല, 12 ഒബിസി വിഭാഗങ്ങളില്‍നിന്നുള്ള സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാനാണ്. എന്നാല്‍, ഞങ്ങളുടെ ആശങ്കകള്‍ അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. ആര്‍എസ്എസ് ഭീഷണി ചെറുക്കാന്‍ കോണ്‍ഗ്രസ് എന്തു ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും അറിയേണ്ടതുണ്ട്. ”-പ്രകാശ് അബേദ്കര്‍ പറഞ്ഞു.
Post Your Comments