മാനന്തവാടി: കോടികളുടെ കുഴല്‍പ്പണ വേട്ട. വയനാട്ടിലും പാലക്കാട്ടും വെച്ച് പിടികൂടിയ കുഴല്‍പ്പണ വേട്ടയില്‍ ഏഴ് പേര്‍ പിടിയിലായി. പാലക്കാട്ട് ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 2.05 കോടി രൂപയുടെ കുഴല്‍പ്പണവുമായി രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേരും വയനാട് കാട്ടിക്കുളത്ത് ചരക്ക് വാഹനത്തില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 1,29,36,000 രൂപയുടെ കുഴല്‍പ്പണവുമായി രണ്ട് കോഴിക്കോട് സ്വദേശികളും പിടിയിലായി. പാലക്കാട് കൊല്ലം ലക്ഷ്മിനട സ്വദേശികളായ വിവേക് (26), സുരേന്ദ്രന്‍ (24), ബെംഗളൂരു സ്വദേശി പ്രഭാകര്‍ (26), മഹാരാഷ്ട്ര സ്വദേശികളായ പഥം സിങ് (24), പ്രമോദ് രാജാറാം (24) എന്നിവരാണ് അറസ്റ്റിലായത്. കാട്ടിക്കുളത്ത് കോഴിക്കോട് അടിവാരം നൂറോത് തിട്ടുമ്മല്‍ അഷറഫ് (40) , കൊടുവള്ളി കൈതപ്പൊയില്‍ കൊച്ചുമാരിയില്‍ റഫീക്ക് (36) എന്നിവരെ അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെത്തുടര്‍ന്ന് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് പൊലീസ് പിടികൂടിയത്. അഞ്ച് പേരും ജാക്കറ്റിലാണ് പണം ഒളിപ്പിച്ചിരുന്നത്.
പരിശോധനയ്ക്കിടെ കടന്നുകളയാന്‍ ശ്രമിച്ച സംഘത്തെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. മലപ്പുറം സ്വദേശിക്കു കൈമാറാന്‍ കോയമ്പത്തൂരില്‍ നിന്നാണു പണം കൊണ്ടുവന്നതെന്ന് ഇവര്‍ പൊലീസിനു മൊഴി നല്‍കി. കാട്ടിക്കുളത്തു വാഹന പരിശോധനയ്ക്കിടെ ഉരുളക്കിഴങ്ങുമായി വന്ന ചരക്ക് വാഹനത്തില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന പണമാണ് തിരുനെല്ലി എസ്‌ഐ ബിജു ആന്റണിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. ബെംഗളൂരുവില്‍ നിന്നു കോഴിക്കോട്ടേക്ക് വരികയായിരുന്ന വാഹനത്തില്‍ 2000, 500, 200, 100, 50 രൂപ നോട്ടുകളായാണ് കുഴല്‍പ്പണം ഒളിപ്പിച്ചിരുന്നത്. പണം കടത്താന്‍ ഉപയോഗിച്ച പിക്കപ്പ് വാനും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Post Your Comments