KeralaLatest News

കര്‍ണ്ണാടകയിലെ പ്രചാരണ തന്ത്രം കേരളത്തിലും പരീക്ഷിക്കാനൊരുങ്ങി ആര്‍.എസ്.എസ്

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കുന്നതിന് വേണ്ടി കര്‍ണ്ണാടകയില്‍ നടപ്പാക്കിയ പ്രചരണ തന്ത്രം കേരളത്തിലും പരീക്ഷിക്കാന്‍ ആര്‍.എസ്.എസ്. മഹാശക്തി കേന്ദ്ര,ശക്തി കേന്ദ്ര എന്നീ പേരുകളിലാണ് ആര്‍.എസ്.എസ് എസ് മേല്‍നോട്ടത്തിലുള്ള പ്രത്യേക ടീം പ്രവര്‍ത്തിക്കുന്നത്.ഉത്തര മേഖല,മധ്യമേഖല,ദക്ഷിണ മേഖല എന്നിവ തിരിച്ച് എ.എന്‍ രാധാകൃഷ്ണന്‍,കെ.സുരേന്ദ്രന്‍,എം.ടി രമേശ് എന്നിവരെ ഇതിനായി ചുമതലപ്പെടുത്തി.ആര്‍.എസ്.എസ് നേരിട്ടാണ് ലോക്‌സഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.ഏത് വിധേനയും അക്കൗണ്ട് തുറക്കുകയാണ് ലക്ഷ്യം.

അതേസമയം കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലെയും ബിജെപി തിരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം ആര്‍എസ്എസ് ഏറ്റെടുത്തു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനുമായി ആര്‍എസ്എസിന്റെ പ്രാന്തീയ (സംസ്ഥാന) ചുമതലയുള്ള നേതാക്കളെ 20 മണ്ഡലത്തിലേക്കും നിയോഗിച്ചു. രാജ്യത്തെ 543 ലോക്‌സഭാ മണ്ഡലങ്ങളുടെയും പ്രചാരണചുമതല ഇതുപോലെ ആര്‍എസ്എസ് നേതൃത്വത്തിനാണ്.2014 പോലെ ഈ തിരഞ്ഞെടുപ്പിലും ബിജെപിക്ക് ഭരണം ഉറപ്പു വരുത്താന്‍ എല്ലാ പ്രവര്‍ത്തനങ്ങളും മാറ്റി വച്ച് രംഗത്തിറങ്ങാനാണ് ആര്‍എസ്എസ് ദേശിയ നേതൃത്വം താഴെത്തട്ടില്‍ നല്‍കിയിട്ടുള്ള നിര്‍ദേശം.

ഗൃഹസമ്പര്‍ക്കത്തിന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നേരിട്ടും ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പവും പ്രവര്‍ത്തിക്കും. ഇതിനായി ദൈനംദിന ശാഖകളുടെ പ്രവര്‍ത്തനത്തിലും വേണമെങ്കില്‍ മാറ്റം വരുത്താം. വൈകിട്ടും രാവിലെയുമൊക്കെ നടക്കുന്ന ഒരു മണിക്കൂര്‍ ശാഖാപരിപാടിയില്‍ എല്ലാം നടന്നില്ലെങ്കിലും കുഴപ്പമില്ല. എല്ലാദിവസവും സ്‌ക്വാഡ് പ്രവര്‍ത്തനം കഴിഞ്ഞ് ശാഖയിലോ അല്ലെങ്കില്‍ എവിടെയാണോ ഒത്തുചേരാന്‍ കഴിയുന്നത് അവിടെ നിന്ന് ശാഖയില്‍ നിര്‍ബന്ധമായിട്ടുള്ള പതിവ് പ്രാര്‍ഥനാഗീതം ചൊല്ലി പിരിഞ്ഞാലും മതിയെന്നാണ് നിര്‍ദേശം. എല്ലാ ദിവസവും ബൂത്ത് തല ഗൃഹസമ്പര്‍ക്കം വോട്ട് അനൂകൂലമാകുന്നുവെന്ന് ഉറപ്പു വരുത്തുന്നവരെ തുടരാനാണ് നിര്‍ദേശം.

ഹിന്ദു സംഘടനകളുടെ ഏകീകരണമുണ്ടെങ്കില്‍ ലോക്‌സഭയിലേക്ക് ആളെ എത്തിക്കാന്‍ പറ്റുമെന്നാണ് ആര്‍.എസ്.എസ് വിലയിരുത്തല്‍.ഇതിന് വേണ്ടിയാണ് മഹാ ശക്തി കേന്ദ്ര, ശക്തി കേന്ദ്രയും രൂപീകരിച്ചത്. ആര്‍.എസ്.എസ് പ്രമുഖ് നേതൃത്വം കൊടുക്കുന്ന മഹാശക്തി കേന്ദ്രമെന്ന പേരിലുള്ള ഒരു സംഘത്തില്‍ മൂന്ന് പേരാവും ഉണ്ടാവുക.ഒരു നിയമസഭ മണ്ഡലത്തില്‍ അങ്ങനയുള്ള എട്ട് സംഘങ്ങള്‍.ഇതിന് കീഴിലായി ബൂത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ശക്തി കേന്ദ്രങ്ങളും ഉണ്ടാവും. ബി.ജെ.പിയുടേയും മറ്റ് ഹിന്ദു സംഘടനകളുടേയും ഇടയിലുള്ള പാലമായിട്ടാരിക്കും മഹാശക്തി കേന്ദ്രയുടേയും ശക്തി കേന്ദ്രയുടേയും പ്രവര്‍ത്തനം.

മണ്ഡലത്തിലെ മുഴുവന്‍ വോട്ടര്‍മാരിലേക്കും നേരിട്ട് പ്രചരണമെത്തിയെന്ന് ഈ ടീം ഉറപ്പ് വരുത്തും. വോട്ടര്‍ ലിസ്റ്റിലെ ഓരോ പേജും ഓരോ ആര്‍.എസ്.എസ് പ്രമുഖിന് വീതിച്ചു നല്‍കിയിട്ടുണ്ട്. ആ പേജിലുള്ള മുഴുവന്‍ വോട്ടര്‍മാരുടെയും വീട്ടില്‍ നേരിട്ടെത്തി വോട്ട് ഉറപ്പിക്കല്‍ ഈ പേജ് പ്രമുഖിന്റെ ചുമതലയാണ്.ഈ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ദക്ഷിണ കര്‍ണാടകയിലെ ഓരോ നിയമസഭാ മണ്ഡലങ്ങളിലും ഇതേ രീതിയിലായിരുന്നു ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനം.തീരദേശമേഖല ഉള്‍പ്പെടുന്ന 21 സീറ്റുകളില്‍ 17 എണ്ണത്തിലും ബി.ജെ.പിയുടെ വിജയം ഉറപ്പിച്ചത് ഈ പ്രവര്‍ത്തനത്തിന്റെ ഫലമായാണെന്നാണ് ആര്‍.എസ്.എസിന്റെ വിലയിരുത്തല്‍.കേരളത്തില്‍ 20 മണ്ഡലങ്ങളിലും ചുമതലപ്പെടുത്തിയ ആര്‍എസ്എസ് പ്രചാരകന്‍മാര്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ യോജിച്ചുള്ള ‘സമന്വയ ബൈഠക്’ ചേരുകയാണിപ്പോള്‍. ഇതിനു ശേഷമാണ് ഗൃഹസമ്പര്‍ക്കത്തിനിറങ്ങുന്നത്. മോദിയുടെ ഭരണ നേട്ടം ജനങ്ങളിലെത്തിക്കുന്നതൊടൊപ്പം ബിജെപിയുടെ പടലപിണക്കങ്ങളൊന്നും തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തുണ്ടാകരുതെന്ന് ഉറപ്പുവരുത്തുകയാണ് പ്രചാരണം ഏറ്റെടുത്തതുവഴി ഉദ്ദേശിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button