Latest NewsKerala

കിടപ്പുരോഗിയായ വയോധികനെ റോഡരികില്‍ ഉപേക്ഷിച്ചു

 

ഒല്ലൂര്‍: രോഗിയായ വയോധികനെ കട്ടിലും വീട്ടുസാമഗ്രികളും ഉള്‍പ്പെടെ റോഡരുകില്‍ ഉപേക്ഷിച്ചതായി പരാതി. കുട്ടനെല്ലൂര്‍ ദേശീയപാതയിലെ പുറമ്പോക്കില്‍ കഴിഞ്ഞിരുന്ന പീറ്റര്‍ എന്ന വയോധികനെയാണ് ഏതാനും പേര്‍ ചേര്‍ന്ന് കുടിയൊഴിപ്പിച്ച് റോഡരുകില്‍ തള്ളിയത്. പത്തുദിവസത്തിലേറെയായി ഇയാള്‍ കുട്ടനെല്ലൂര്‍ ടി.കെ.വി നഗറിലെ റോഡരികില്‍ കഴിയുന്നു. ഇവിടെ കൊണ്ടുവന്നവര്‍ രണ്ടുദിവസം കഴിഞ്ഞാല്‍ തിരികെ കൊണ്ടുപോകാന്‍ വരാം എന്നുപറഞ്ഞു പോയതാണെന്ന് പീറ്റര്‍ പറയുന്നു. പക്ഷേ, അവര്‍ ഇതുവരെ വന്നില്ലെന്നുമാത്രം. അവരാരും പീറ്ററിന്റെ ബന്ധുക്കളോ ഉറ്റവരോ അല്ല. താന്‍ മുമ്പ് കഴിഞ്ഞുകൂടിയിരുന്ന സ്ഥലത്തുണ്ടായിരുന്ന ചിലരാണെന്നു മാത്രം പീറ്റര്‍ പറയുന്നു.

ഇവിടേക്ക് ഇയാളെ കൊണ്ടെത്തിച്ചതിന്റെ കാരണവും പീറ്റര്‍ വിവരിക്കുന്നതിങ്ങനെ; കുട്ടനെല്ലൂര്‍ ദേശീയപാതയിലെ മേല്‍പ്പാലത്തിനുതാഴെ പുറമ്പോക്കില്‍ തനിച്ചായിരുന്നു കഴിഞ്ഞിരുന്നത്. വര്‍ഷങ്ങളായി ഇവിടെയായിരുന്നു താമസം. വി.ഐ.പി.യുടെ വരവുമായി ബന്ധപ്പെട്ട് പാലത്തിനടിയിലെ താമസക്കാരെ മാറ്റുന്നതിന്റെ ഭാഗമായാണ് തന്നെയും മാറ്റിയത്. എന്നാല്‍ പോലീസോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ കുടിയിറക്കാന്‍ വന്നവരുടെ ഒപ്പമുണ്ടായിരുന്നില്ല. മാത്രമല്ല, തൊട്ടടുത്ത താമസക്കാരെ ഇവര്‍ മാറ്റിയതുമില്ല. പോലീസും ഇതു ശരിവെയ്ക്കുന്നു. പീറ്ററിന്റെ വീട്ടുസാമഗ്രികളെല്ലാം റോഡരികില്‍ നിരത്തിവെച്ചാണ് വന്നവര്‍ മടങ്ങിയത്.

മധുര സ്വദേശിയായ പീറ്റര്‍ നിര്‍മാണ തൊഴിലാളിയായിരുന്നു. ഒമ്പതുമാസംമുമ്പ് കോണ്‍ക്രീറ്റുപണിക്കിടയില്‍ വലതുകാലിന്റെ പാദത്തില്‍ മുറിവേറ്റു. പിന്നീട് അത് വലിയ വ്രണമായി. മുറിവിലൂടെ ചോരയും പഴുപ്പും വരുന്നു. ജോലിക്കു പോകാനും കഴിയില്ല. നാല്‍പ്പതുകൊല്ലം മുമ്പ് മരത്താക്കരയില്‍ ഓട്ടുകമ്പനിയില്‍ തൊഴിലിനെത്തിയതാണ് ഇയാള്‍. സമീപവാസികള്‍ മൂന്നുനേരവും കൊണ്ടുവന്നു നല്‍കുന്ന ഭക്ഷണം മാത്രമാണിപ്പോള്‍ പീറ്ററിന് ആശ്രയം.

shortlink

Related Articles

Post Your Comments


Back to top button