NewsIndia

അനധികൃത നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

 

ഡല്‍ഹി: ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന നിക്ഷേപ സ്ഥാപനങ്ങള്‍ക്കും പദ്ധതികള്‍ക്കും നിരോധനമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. 2018ലെ അനിയന്ത്രിത നിക്ഷേപ പദ്ധതി നിരോധന ബില്ലില്‍ പുതിയ മാറ്റങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയതോടെയാണിത്. ഇതുമായി ബന്ധപ്പെട്ട് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി നിര്‍ദേശിച്ച ശുപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഇതുപ്രകാരം രിജ്സറ്റര്‍ ചെയ്യാത്ത ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതും പരസ്യം ചെയ്യുന്നതും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിലും അതിനായി പ്രേരിപ്പിക്കുന്നതും കുറ്റകരമാണ്.

നിലവിലെ നിയമപ്രകാരം പരാതികളുടെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നതായിരുന്നു പതിവെങ്കില്‍, പുതിയ ഭേദഗതികള്‍ പ്രകാരം അപകടം മുന്‍കൂട്ടിക്കണ്ട് നിയമനടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അധികാരമുണ്ടായിരിക്കും. നിയമം ലംഘിച്ച് ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്നവരെ ശക്തമായ ശിക്ഷാ നടപടികളാണ് കാത്തിരിക്കുന്നത്. നിയമനടപികളോടൊപ്പം വന്‍ തുക പിഴയീടാക്കാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. നിയമവിരുദ്ധമായി സ്വീകരിച്ച നിക്ഷേപങ്ങള്‍ കണ്ടുകെട്ടാനും പുതിയ നിയമത്തില്‍ വകുപ്പുണ്ട്. ഇതിന്റെ ഭാഗമായി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത് അടക്കമുള്ള നടപടികള്‍ കാലവിളംബമില്ലാതെ നടപ്പിലാക്കും.

പുതിയ നിയമം നിലവില്‍ വന്നതോടെ രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ക്കു വേണ്ടി പരസ്യം ചെയ്യുന്നതും അവയുടെ അംബാസഡര്‍മാരായി പ്രമുഖ വ്യക്തികള്‍ എന്‍ഡോഴ്സ് ചെയ്യുന്നതും ശിക്ഷാര്‍ഹമാവും. നിലവില്‍ രാജ്യത്ത് ഇത്തരം നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. പലപ്പോഴും സമൂഹത്തിന്റെ ദരിദ്രരും പാവപ്പെട്ടവരുമാണ് ഇത്തരം തട്ടിപ്പുസംഘങ്ങളുടെ ഇരകള്‍. ആര്‍ബിഐയുടെ കണക്കുകള്‍ പ്രകാരം 2014 മുതല്‍ 2018 വരെയുള്ള കാലയളവില്‍ ആയിരത്തോളം ഇത്തരം കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button