ന്യൂഡല്‍ഹി: ഗോഹത്യയില്‍ മധ്യപ്രദേശില്‍ 15 വര്‍ഷം ഭരിച്ച ബിജെപിയെ കടത്തിവെട്ടി കോണ്‍ഗ്രസ് മുന്‍പില്‍. അധികാരത്തില്‍വന്ന് രണ്ട് മാസം തികയുംമുമ്പ് മൂന്നുപേരെയാണ് ഈ വകുപ്പ് ചുമത്തി ജയിലില്‍ അടച്ചത്. സഹോദരങ്ങളായ നദീം, ഷക്കീല്‍ എന്നിവരെയും അസം എന്ന കര്‍ഷകനെയുമാണ് ഗോഹത്യ നിരോധന നിയമപ്രകാരവും ദേശസുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിലും അറസ്റ്റ് ചെയ്‌തെന്ന് ഖണ്ഡ്വ ജില്ലാ പൊലീസ് മേധാവി സിദ്ധാര്‍ഥ് ബഹുഗുണ പറഞ്ഞു. ബിജെപി സര്‍ക്കാര്‍ 15 വര്‍ഷത്തിനുള്ളില്‍ 22 പേരെയാണ് ഗോഹത്യയുടെ പേരില്‍ രാജ്യദ്രോഹികളായി’ ചിത്രീകരിച്ച് കല്‍ത്തുറുങ്കില്‍ അടച്ചത്.
വിചാരണപോലും നടത്താതെ ഒരു വര്‍ഷംവരെ ജയിലില്‍ അടയ്ക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ദേശസുരക്ഷാ നിയമത്തിലെ വകുപ്പുകള്‍. ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതികള്‍ക്കെതിരെ ആദ്യം ഗോഹത്യ തടയല്‍ നിയമപ്രകാരം മാത്രമാണ് കേസെടുത്തിരുന്നത്. ഉന്നതങ്ങളില്‍നിന്നുള്ള നിര്‍ദേശപ്രകാരം പിന്നീട് രാജ്യദ്രോഹക്കുറ്റവും ചുമത്തുകയായിരുന്നു. പശുവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാര്‍ അതീവശ്രദ്ധയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഭാവിയിലും ഇത്തരം നടപടികള്‍ ഉണ്ടാകുമെന്നും കോണ്‍ഗ്രസ് വക്താവ് ജെ പി ധനോപ്പിയ പറഞ്ഞു. സര്‍ക്കാരിന്റെ ചുമതലയില്‍ നാല് മാസത്തിനകം 1000 ഗോസംരക്ഷണകേന്ദ്രം തുടങ്ങുമെന്ന് മുഖ്യമന്ത്രി കമല്‍നാഥ് ഈയിടെ പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ ഭൂമിയില്‍ ഇത്തരം കേന്ദ്രങ്ങള്‍ നടത്താന്‍ താല്‍പ്പര്യമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ച് പത്രപരസ്യവും നല്‍കി. ഗോക്ഷേമത്തിന് പണം സമാഹരിക്കാന്‍ സെസ് ചുമത്തുന്നതിനെക്കുറിച്ച് ആലോചിച്ചുവരികയാണെന്ന് മൃഗസംരക്ഷണമന്ത്രി ലഖന്‍സിങ് യാദവ് പ്രഖ്യാപിച്ചിട്ടുണ്ട്.
രാജസ്ഥാനില്‍ ഗോരക്ഷാസംഘം ബിജെപി ഭരണകാലത്ത് പെഹ്ലുഖാന്‍ അടക്കം മൂന്നുപേരെ സംഘപരിവാര്‍ ക്രിമിനലുകള്‍ അടിച്ചുകൊന്ന അല്‍വറില്‍ത്തന്നെയാണ് ഭരണമാറ്റത്തിനുശേഷവും ഗോസംരക്ഷണവാദികളുടെ അഴിഞ്ഞാട്ടം. അതിനിടെ കഴിഞ്ഞ ബിജെപി സര്‍ക്കാര്‍ സ്ഥാപിച്ച പശുക്ഷേമ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനുള്ള പദ്ധതികളും കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ”എല്ലാ ദേവന്മാരും ദേവതകളും ഗോമാതാവില്‍ കുടികൊള്ളുന്നുവെന്നാണ് നമ്മുടെ ശാസ്ത്രം”. എല്ലാ ഗ്രാമങ്ങളിലും ഗോശാല യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനായി എല്ലാ ഗ്രാമങ്ങളിലും ഗോശാലകള്‍ തുടങ്ങാന്‍ ഛത്തീസ്ഗഢിലെ പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി സ്ഥലം കണ്ടെത്താന്‍ ഗ്രാമസഭകളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments