കൊല്‍ക്കത്ത : സി.ബി.ഐ റെയ്ഡിനെതുടര്‍ന്നുള്ള സംഭവ വികാസങ്ങള്‍ക്ക് ശേഷം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കൊപ്പം ധർണ്ണ നടത്തിയ ഐ പി എസുകാർക്ക് എതിരെ നടപടിയെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം.കേന്ദ്ര സര്‍വ്വീസില്‍ നിന്ന് ഒരു നിശ്ചിത സമയത്തേക്ക് ഈ ഉദ്യോഗസ്ഥരെ ഒഴിവാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നത്. ഇവരുടെ സര്‍വ്വീസ് മെഡലുകള്‍ തിരിച്ചു വാങ്ങാനും ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചുവെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ബംഗാള്‍ സര്‍ക്കാരിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്.ധര്‍ണയില്‍ പങ്കെടുത്ത കമ്മിഷണര്‍ രാജീവ് കുമാര്‍, പശ്ചിമ ബംഗാള്‍ ഡി.ജി.പി വിരേന്ദ്ര, എ.ഡി.ജി.പിമാരായ വിനീത് കുമാര്‍ വിത്തല്‍, അനുജ് ശര്‍മ്മ, ബിന്ദന്‍ നഗര്‍ കമ്മിഷണര്‍ ഗ്യാന്‍വാന്ത് സിംഗ് എന്നിവര്‍ക്കെതിരെ നടപടിയെടുക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം.
പൊലീസ് ഉദ്യോഗസ്ഥര്‍ ധര്‍ണയില്‍ പങ്കെടുത്തത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ശാരദ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ സിബിഐ എത്തിയതോടെയാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി കടുത്ത പ്രതിരോധം തീര്‍ത്തത്.
Post Your Comments