KeralaLatest News

കേരളത്തില്‍ രൂപപ്പെട്ടുവരുന്ന അവിശുദ്ധ കൂട്ടുകെട്ടിന്റെ തുടക്കമാണിത്‌- കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം•തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴ്‌ കോട്ടുകാല്‍, വയനാട്ടിലെ തരിയോട്‌ ഗ്രാമപഞ്ചായത്തുകളിലും എല്‍.ഡി.എഫ്‌ ഭരണത്തെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയിരിക്കുകയാണ്‌. കോണ്‍ഗ്രസ്സും ബി.ജെ.പിയും ചേര്‍ന്നുകൊണ്ടാണ്‌ തിരുവനന്തപുരത്തെ രണ്ട്‌ പഞ്ചായത്തുകളിലും അവിശ്വാസം പാസ്സാക്കിയത്‌. തരിയോട്‌ കോണ്‍ഗ്രസ്‌, മുസ്ലീംലീഗ്‌, ബി.ജെ.പി പാര്‍ടികള്‍ ചേര്‍ന്നുകൊണ്ടാണ്‌ എല്‍.ഡി.എഫിനെ പുറത്താക്കിയത്‌. കേരളത്തില്‍ രൂപപ്പെട്ടുവരുന്ന അവിശുദ്ധ കൂട്ടുകെട്ടിന്റെ തുടക്കമാണിതെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഇടതുപക്ഷത്തിനെതിരെ ആര്‍.എസ്‌.എസ്‌ എവിടേയും കോണ്‍ഗ്രസ്സുമായി നിര്‍ലജ്ജം കൈകോര്‍ക്കുകയാണ്‌. ശബരിമല ക്ഷേത്രത്തിലെ യുവതീ പ്രവേശനത്തിന്റെ മറവില്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും യോജിച്ചും അല്ലാതെയും നടത്തിയ സമരങ്ങള്‍ ഇരുപാര്‍ടികളേയും എവിടെ കൊണ്ടെത്തിച്ചുവെന്ന്‌ തെളിയിക്കുന്ന കൂട്ടുകെട്ടുകളാണ്‌ ഗ്രാമപഞ്ചായത്തുകളില്‍ രൂപപ്പെട്ടു വരുന്നത്‌. ഈ പഞ്ചായത്തുകളില്‍ ഇപ്പോള്‍ അവിശ്വാസ പ്രമേയം നല്‍കേണ്ട പ്രത്യേക ഒരു സംഭവവുമുണ്ടായിട്ടുമില്ല. ശബരിമല പ്രശ്‌നവുമായി ബന്ധപ്പെട്ട്‌ ആര്‍.എസ്‌.എസ്‌ നടത്തിയ ഹര്‍ത്താലില്‍ ഏറ്റവും കൂടുതല്‍ അക്രമസംഭവങ്ങള്‍ നടത്തിയ മലയിന്‍കീഴാണ്‌ ബി.ജെ.പിയും കോണ്‍ഗ്രസ്സും തമ്മില്‍ മുന്നണിയുണ്ടാക്കിയിരിക്കുന്നത്‌. ലോകസഭാ തെരഞ്ഞെടുപ്പ്‌ പടിവാതിക്കല്‍ എത്തിനില്‍ക്കുന്ന സന്ദര്‍ഭത്തിലാണ്‌ ഇത്തരം കൂട്ടുകെട്ടുകള്‍ ഗ്രാമപഞ്ചായത്തുകളില്‍ രൂപം കൊള്ളുന്നത്‌.

കോണ്‍ഗ്രസ്സുകാര്‍ ആര്‍.എസ്‌.എസ്സിന്‌ വിധേയപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നവരായി കേരളത്തില്‍ മാറിക്കൊണ്ടിരിക്കുന്നുവെന്നാണ്‌ ഇത്‌ തെളിയിക്കുന്നത്‌. കേരളത്തിലെ കോണ്‍ഗ്രസ്‌ ഘടകത്തില്‍ ആര്‍.എസ്‌.എസ്സിന്റെ സ്വാധീനം ഏറിവരികയാണ്‌. ഇതിന്റെ ഭാഗമായാണ്‌ ഇത്തരമൊരു അവിശുദ്ധ കൂട്ടുകെട്ട്‌ വ്യാപകമായിക്കൊണ്ടിരിക്കുന്നത്‌. കെ.പി.സി.സി പ്രസിഡന്റ്‌ ബി.ജെ.പി സര്‍ക്കാരിനെതിരെ യാത്ര നടത്തുന്ന സന്ദര്‍ഭത്തിലാണ്‌ ഇത്തരം കൂട്ടുകെട്ടുകള്‍ പലയിടത്തും വ്യാപിച്ചു കൊണ്ടിരിക്കുന്നത്‌. കെ.പി.സി.സി അംഗീകരിച്ച നയത്തിന്റെ ഭാഗമാണോ ഇത്തരം കൂട്ടുകെട്ടുകളെന്ന്‌ നേതൃത്വം വ്യക്തമാക്കണം.

ജനമഹായാത്രയ്‌ക്ക്‌ ഫണ്ട്‌ നല്‍കാന്‍ കൂട്ടാക്കാത്ത കോണ്‍ഗ്രസ്സ്‌ മണ്ഡലം കമ്മിറ്റികളെ കൂട്ടത്തോടെ കശാപ്പ്‌ ചെയ്‌ത്‌ വീരസ്യം കാട്ടുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ ബി.ജെ.പിയ്‌ക്ക്‌ കീഴ്‌പെട്ട്‌ പ്രവര്‍ത്തിക്കുന്ന സ്വന്തം പാര്‍ടിയിലെ കമ്മിറ്റികള്‍ക്കെതിരെ എന്തുകൊണ്ടാണ്‌ നടപടി സ്വീകരിക്കാത്തത്‌? കോണ്‍ഗ്രസ്സിനെ ജനങ്ങള്‍ വെറുക്കുന്നത്‌ കൊണ്ടും നിസ്സഹകരിക്കുന്നതു കൊണ്ടുമാകാം കീഴ്‌ഘടകങ്ങള്‍ ഫണ്ട്‌ നല്‍കാന്‍ കൂട്ടാക്കാത്തത്‌. രണ്ട്‌ ദിവത്തെ യാത്രയ്‌ക്കിടയില്‍ 10 കമ്മിറ്റികളെ പിരിച്ചുവിട്ടെങ്കില്‍ ജാഥ അവസാനിക്കുമ്പോഴേയ്‌ക്കും എത്രകമ്മിറ്റികള്‍ ബാക്കിയുണ്ടാകും. ബി.ജെ.പിയുമായി തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ വളര്‍ന്നുവരുന്ന കൂട്ടുകെട്ട്‌ 1991 ലെ ലോകസഭാ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ കോ.ലി.ബി സഖ്യത്തിന്റെ മറ്റൊരു രൂപമാണ്‌. ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്കെതിരെ മതനിരപേക്ഷ ശക്തികള്‍ രംഗത്തു വരണമെന്ന്‌ അഭ്യര്‍ത്ഥിയ്‌ക്കുന്നുവെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button