ഹൊസന്‍ഗാബാദ്: ഡ്രൈവറുടെ ഭാര്യയെ സ്വന്തമാക്കാന്‍ ക്രൂര കൊലപാതകം നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഹൊസന്‍ഗാബാദിലാണ് സംഭവം. സുനില്‍ മാന്‍ട്രി(58) എന്ന സര്‍ക്കാര്‍ ഡോക്ടറാണ് പോലീസ് പിടിയിലായത്. തന്റെ ഡ്രൈവറായ ബിരു പച്ചൗരിയുടെ ഭാര്യയുമായി വളരെക്കാലമായി ഡോക്ടര്‍ അടുപ്പത്തിലായിരുന്നു. ഡ്രൈവറെ ഇല്ലാതാക്കാതെ ഭാര്യയെ സ്വന്തമാക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയ സുനില്‍ മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് കൊലപാതകം നടപ്പിലാക്കിയത്.
സുനിലിന്റെ ഭാര്യ 2017ല്‍ മരണപ്പെട്ടിരുന്നു. 2010 മുതല്‍ ആനന്ദ് നഗറില്‍ ഇവരുടെ വീടിന് സമീപം ഡോക്ടറുടെ ഭാര്യയും ഡ്രൈവറുടെ ഭാര്യയും ചേര്‍ന്ന് ബോട്ടീക്ക് തുടങ്ങിയിരുന്നു. ഭാര്യ മരിച്ചതോടെ ഇവര്‍ നടത്തിയിരുന്ന ബോട്ടീക് ബിരുവിന്റെ ഭാര്യ ഒറ്റയ്ക്കാണ് നോക്കി നടത്തിയത്. ബോട്ടിക്കിലെ സ്ഥിര സന്ദര്‍ശകനായി മാറിയ ഡോക്ടര്‍ ബിരുവിന്റെ ഭാര്യയുമായി അടുപ്പത്തിലായി. ഇതറിഞ്ഞ ബിരു നിരവധി തവണ ഡോക്ടര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
മുന്നറിയിപ്പ് അവഗണിച്ച് ബന്ധം തുടര്‍ന്ന ഡോക്ടര്‍ ബിരുവിനെ കൊലപ്പെടുത്താന്‍ പദ്ധതിയൊരുക്കി. ഇതിന് മുന്നോടിയായി ബിരുവിനെ ഡ്രൈവറായി നിയമിച്ചു. ഒരു ദിവസം പല്ലുവേദനയാണെന്ന് പറഞ്ഞ ബിരുവിന് അധിക ഡോസ് ഇഞ്ചക്ഷന്‍ നല്‍കി മയക്കിക്കിടത്തിയ ശേഷം തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ശരീര ഭാഗങ്ങള്‍ കീറിമുറിച്ച ശേഷം നേരത്തെ സൂക്ഷിച്ചിരുന്ന ആസിഡിലിടുകയും ചെയ്തു. സുനിലിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അയല്‍വാസികളാണ് പോലീസിനെ വിവരമറിയിച്ചത്.
Post Your Comments