യുഎഇയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ മേളകളിലൊന്നായ കരിയര്‍ ജേര്‍ണിയുടെ രണ്ടാം പതിപ്പിന് വേദിയൊരുക്കി ഷാര്‍ജ. കേരളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മൈക്രോടെക് വിദ്യാഭ്യാസ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ‘കരിയര്‍ ജേര്‍ണി 2019’ എന്നു പേരിട്ടിരിക്കുന്ന വിദ്യാഭ്യാസ മേള നടക്കുന്നത്. ഇന്ത്യയിലെ പ്രശസ്തരായ എഴുത്തുകാരും പ്രാസംഗികരും വിദ്യാഭ്യാസ സ്ഥാപനങ്ങളും അണിനിരക്കുന്ന കരിയര്‍ ജേര്‍ണി ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുമായി ചേര്‍ന്നാണ് സംഘടിപ്പിക്കുന്നത്.
വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷനലുകള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരേപോലെ ഉപകാരപ്രദമായ വിവിധപരിപാടികളാണ് കരിയര്‍ ജേര്‍ണിയില്‍ ഒരുക്കിയിട്ടുള്ളത്.
‘ഹാഫ് ഗേള്‍ഫ്രന്റ്’, ‘ടു സ്റ്റേറ്റ്സ്’, ‘ഫൈവ് പോയിന്റ്റ് സംവണ്‍’ തുടങ്ങിയ ബെസ്റ്റ് സെല്ലറുകളിലൂടെ ലോകസാഹിത്യത്തിനു സുപരിചിതനായ എഴുത്തുകാരന്‍ ചേതന്‍ ഭഗത് വിദ്യാര്‍ഥികളുമായി സംവദിക്കാനെത്തുന്നുണ്ട്. ‘ഹൗ ടു ബി സൂപ്പര്‍ അച്ചീവര്‍’ എന്ന സെഷനിലൂടെ വിദ്യാര്‍ഥികളും രക്ഷിതാക്കളുമായി അദ്ദേഹം ആശയവിനിമയം നടത്തും. സാഹിത്യത്തിന്റെയും എഴുത്തിന്റെയും ലോകത്തെക്കുറിച്ച് അക്ഷരപ്രേമികളായ പ്രവാസികള്‍ക്ക് ചേതന്‍ ഭഗത്തില്‍ നിന്നു നേരിട്ടു കേള്‍ക്കാം. അതോടൊപ്പം അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ ഗേള്‍ ഇന്‍ റൂം 105 ഒപ്പിട്ടു വാങ്ങാനും അവസരമുണ്ടാവും.
തികഞ്ഞ ആത്മവിശ്വാസത്തോടെ ഭാവിയെ നേരിടാന്‍ കുട്ടികളെ സജ്ജമാക്കുന്ന മോട്ടിവേഷന്‍ സെഷനുകള്‍ കരിയര്‍ ജേര്‍ണിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. യുഎഇയിലെ ഏറ്റവും ബുദ്ധിശാലിയായ വിദ്യാര്‍ഥികളെ കണ്ടെത്തുന്ന ‘അറേബ്യന്‍ ജീനിയസ്’ സെഷനുമായി ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എസ് പ്രദീപ്, ഗൂഗിള്‍ ബോയ് എന്നറിയപ്പെടുന്ന കൗടില്യ പണ്ഡിറ്റ് എന്നിവര്‍ വിവിധ സെഷനുകളില്‍ സംവദിക്കും. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മാസ്റ്റര്‍ കൗടില്യയുമായി ആശയവിനിമയം നടത്താനും രണ്ടു ദിവസങ്ങളിലും അവസരമുണ്ടാവും. വിടി ബല്‍റാം എംഎല്‍എ, മാധ്യമപ്രവര്‍ത്തകന്‍ ഡോ.അരുണ്‍കുമാര്‍, ഡോ.ഖാലിദ് അല്‍ ഖാജ തുടങ്ങിയവരുമായി സംവദിക്കാനും സംശയനിവാരണത്തിനും അവസരമുണ്ട്.
ഉന്നതവിദ്യാഭ്യാസ രഗത്തെ പ്രവണതകളെക്കുറിച്ചും നൂതന കോഴ്സുകളെക്കുറിച്ചും വിശദമായ ചര്‍ച്ചകള്‍ അടങ്ങുന്ന പത്തിലേറെ സെമിനാറുകള്‍ക്ക് കരിയര്‍ ജേര്‍ണി വേദിയാവും. പത്താം ക്ലാസിനും പ്ലസ് ടുവിനും ശേഷം ഏതു കോഴ്സ് തെരഞ്ഞെടുക്കണം, സാധ്യതകള്‍ എന്തൊക്കെയാണ്, ജോലി എങ്ങനെ നേടാം എന്നിങ്ങനെ വിവിധ വിഷയങ്ങളെക്കുറിച്ച് ഈ സെമിനാറുകളിലൂടെ കൂടുതലറിയാം. അഭിരുചികൾ കണ്ടെത്താൻ സൈക്കോമെട്രിക് ടെസ്റ്റ്, പ്രവേശന പരീക്ഷകളുടെ മോക്ക് ടെസ്റ്റുകൾ, പ്ലസ്ടുവിന് ശേഷം തിരഞ്ഞെടുക്കാവുന്ന 150 ൽ പരം മേഖലകൾ ഉൾകൊള്ളുന്ന പുസ്തകം, നിരവധി പ്രമുഖ സ്ഥാപന അധികാരികളുമായി നേരിട്ടുള്ള ആശയ വിനിമയം എന്നിവയ്ക്കെല്ലാമുള്ള മികച്ച വേദിയാണ് കരിയര്‍ ജേര്‍ണി.
പ്രവാസി രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഭാവി വഴികളെക്കുറിച്ച് മനസ്സിലാക്കാനുള്ള ഏറ്റവും മികച്ച അവസരമാവും കരിയര്‍ ജേര്‍ണിയെന്ന് പരിപാടിയുടെ സംഘാടകനായ മൈക്രോടെക് ചെയര്‍മാന്‍ ഷിബു.കെ. മുഹമ്മദ് പറഞ്ഞു. നാട്ടില്‍ പഠിക്കുന്ന മക്കളുടെ ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ചും അവര്‍ക്ക് പുതിയ വഴികളെക്കുറിച്ച് പറഞ്ഞുകൊടുക്കാനും സാധാരണപ്രവാസി രക്ഷിതാക്കളെ പ്രാപ്തരാക്കുന്ന അറിവുകള്‍ മേള പങ്കുവയ്ക്കും. സമൂഹത്തിന്റെ എല്ലാ തട്ടിലുള്ളവര്‍ക്കും മികച്ച വിദ്യാഭ്യാസ അവസരങ്ങളും അതിനെക്കുറിച്ചുള്ള അറിവും ലഭ്യമാകണമെന്ന ലക്ഷ്യത്തോടെയാണ് തീര്‍ത്തും സൗജന്യമായി ഇത്തരമൊരു വലിയ മേള ഒരുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടു പതിറ്റാണ്ടിലേറെയായി വിദ്യഭ്യാസ സേവനരംഗത്തെ സജീവ സാന്നിധ്യമാണ് തൃശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മൈക്രോടെക് ഗ്രൂപ്പ്.
ഫെബ്രുവരി ഏഴ്, എട്ട് തീയതികളില്‍ ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ വച്ചാണ് കരിയര്‍ ജേര്‍ണി 2019 നടക്കുന്നത്. പ്രവേശനം സൗജന്യമാണ്. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 0557256074 എന്ന നമ്പരിലേക്ക് വിളിക്കാം.
Post Your Comments