NewsIndia

നോട്ട്‌നിരോധനത്തിന്റെ മറവില്‍ കേന്ദ്രസര്‍ക്കാര്‍ കള്ളനോട്ട് മാറാനുള്ള ഒത്താശ നടത്തിയെന്ന് ആരോപണം

 

ഡല്‍ഹി: നോട്ട്നിരോധനത്തിന്റെ മറവില്‍ വന്‍തോതില്‍ കള്ളനോട്ടുകള്‍ മാറാന്‍ കേന്ദ്രസര്‍ക്കാര്‍ ഒത്താശ ചെയ്യുകയായിരുന്നുവെന്ന് ആരോപണം. തിരിച്ചെത്തിയ നോട്ടുകളെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നാഷണല്‍ ഹെറാള്‍ഡാണ് ഈ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് നിരോധിച്ച 1000 രൂപയുടെയും 500 രൂപയുടെയും 14.11 ലക്ഷംകോടി നോട്ടുകളാണ് അച്ചടിച്ചിട്ടുള്ളത്. എന്നാല്‍ നോട്ടു നിരോധനത്തിനു ശേഷം ബാങ്കുകളിലൂടെ തിരിച്ചെത്തിയത് 15.28 ലക്ഷംകോടി നോട്ടുകളാണ്.

അതായത് 1.16 ലക്ഷം കോടി നോട്ടുകള്‍ അധികമായി ബാങ്കുകളിലൂടെ എത്തി. ഇവ കള്ളനോട്ടുകളാണെന്നത് വ്യക്തമാണ്. 15.44 കോടി നോട്ടുകള്‍ പിന്‍വലിച്ചുവെന്നാണ് 2017 ഓഗസ്റ്റില്‍ ധനകാര്യമന്ത്രി അരുണ്‍ ജെയിറ്റ്ലി പറഞ്ഞത്. ബാങ്കുകളിലൂടെ 15.28 ലക്ഷം കോടി തിരിച്ചെത്തി. 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്നാണ് വിവരാവകാശ ചോദ്യത്തിന് മറുപടിയായി 2017 നവംബര്‍ 24ന് ആര്‍ബിഐ അറിയിച്ചത്.

നിരോധിച്ച 1000 രൂപയുടെ 6.26 ലക്ഷം കോടി നോട്ടുകള്‍ വിനിമയത്തിലുണ്ടായിരുന്നുവെന്നാണ് 2016-17 മാര്‍ച്ച് വരെയുള്ള റിസര്‍വ് ബാങ്ക് ആനുവല്‍ റിപ്പോര്‍ട്ട് പറയുന്നത്. 500 രൂപയുടെ 7.85 ലക്ഷം കോടി നോട്ടുകളും വിപണിയിലുണ്ടായിരുന്നു. എന്നാല്‍ ബാങ്കുകള്‍ വഴി തിരിച്ചെത്തിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന 15.28 കോടിയേക്കാള്‍ കുറവാണ് ഈ സംഖ്യ. റിസര്‍വ് ബാങ്കിന്റെ 2018 മാര്‍ച്ചിലെ റിപ്പോര്‍ട്ട് അനുസരിച്ച് ഇനിയും 6.6 കോടി നോട്ടുകള്‍ തിരികെ വരാനുണ്ട്.

റിപ്പോര്‍ട്ടുകളിലുള്ള ഈ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടി 2017-18 സാമ്പത്തിക വര്‍ഷത്തിലെ റിപ്പോര്‍ട്ടിന്‍മേല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകനായ മനോരഞ്ജന്‍ റോയ് സെന്‍ട്രല്‍ ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോയില്‍ പരാതി നല്‍കി. ബോംബെ ഹൈക്കോടതിയെയും ഇദ്ദേഹം സമീപിച്ചിട്ടുണ്ട്.

2000 മുതല്‍ 2018 വരെയുള്ള കാലയളവില്‍ 10,400 കോടി 1000 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് അച്ചടിച്ചിട്ടുണ്ടെന്ന് മറ്റു വിവരാവകാശ രേഖകള്‍ പറയുന്നു. അതേസമയം ഇക്കാലയളവില്‍ കേടുപാടുകള്‍ പറ്റിയ 11,222 മില്യന്‍ നോട്ടുകള്‍ നശിപ്പിച്ചിട്ടുണ്ട്. അച്ചടിക്കപ്പെട്ടവയുടെയും നശിപ്പിക്കപ്പെട്ടവയുടെയും എണ്ണത്തില്‍ സാരമായ വ്യത്യാസമുണ്ടെന്ന് റോയ് പറയുന്നു. നോട്ടുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വന്‍ അഴിമതി നടക്കുന്നുണ്ടെന്നാണ് അദ്ദേഹം സംശയം പ്രകടിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button