പെരിന്തല്‍മണ്ണ: : ഭര്‍ത്തൃവീട്ടില്‍ പ്രവേശിക്കാനും കുട്ടികള്‍ക്കൊപ്പം കഴിയാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കനകദുര്‍ഗ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വിധി പറയും. തിങ്കളാഴ്ച ഹര്‍ജി പരിഗണിച്ച പുലാമന്തോള്‍ ഗ്രാമന്യായാലയം ന്യായാധിപ നിമ്മിയാണ് മാറ്റിയത്. കനകദുര്‍ഗയുടെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും ഭര്‍ത്തൃമാതാവ് സുമതി അമ്മയും കോടതിയില്‍ ഹാജരായി. ശബരിമലയില്‍ ദര്‍ശനംനടത്തിയശേഷം പെരിന്തല്‍മണ്ണയിലെ വണ്‍സ്റ്റോപ്പ് സെന്ററില്‍ പോലീസ് സംരക്ഷണത്തില്‍ കഴിയുന്ന കനകദുര്‍ഗയ്ക്ക് വേണ്ടി അഭിഭാഷകയാണ് ഹാജരായത്. സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട രേഖകള്‍ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കി. സുപ്രീംകോടതിയില്‍ സുരക്ഷയാണ് ആവശ്യപ്പെട്ടതെന്നും ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് മറ്റൊരു ഹര്‍ജിയാണ് സമര്‍പ്പിച്ചതെന്നും കനകദുര്‍ഗയുടെ അഭിഭാഷക അറിയിച്ചു.
ശബരിമല ദര്‍ശനത്തിനുശേഷം കനകദുര്‍ഗ താമസിച്ച സ്ഥലങ്ങളെക്കുറിച്ച് ആവര്‍ത്തിച്ചുള്ള പരാമര്‍ശങ്ങള്‍ പരിഗണനാവിഷയവുമായി ബന്ധപ്പെട്ട് പ്രസക്തമല്ലെന്ന് നിരീക്ഷണമുണ്ടായി. ഉച്ചയ്ക്ക് പന്ത്രണ്ടോടെ തുടങ്ങിയ വാദം ഒരുമണിക്കൂറോളം നീണ്ടു. വാദം പൂര്‍ത്തിയായതോടെ വിധിപറയാന്‍ ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
Post Your Comments