തിരുവനന്തപുരം: ആസ്തി നഷ്ടമായി അടച്ചു പൂട്ടലിന്റെ വക്കിലായിരുന്ന പൊതുമേഖലാ സ്ഥാപനമായ കൊല്ലം യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്ന മീറ്റര്‍ കമ്പനിക്ക് ഉയിര്‍ത്തെഴുന്നേല്‍പ്പ്. യുഡിഎഫ് ഭരണകാലത്ത് അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു കമ്പനി. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 81 ലക്ഷം രൂപയുടെ പ്രവര്‍ത്തന ലാഭമാണ് കമ്പനി ഉണ്ടാക്കിയത്. 21 കോടി രൂപയുടെ വിറ്റുവരവാണ് ഒമ്പത് മാസത്തിനുള്ളില്‍ നേടിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ആസ്തി നഷ്ടമായി അടച്ചു പൂട്ടലിന്റെ വക്കിലായിരുന്ന ഒരു പൊതുമേഖലാ സ്ഥാപനം കൂടി ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നു. കൊല്ലത്ത് പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡാണ് സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തന ലാഭമുണ്ടാക്കി ചരിത്രമെഴുതിയത്. മീറ്റര്‍ കമ്പനി എന്നറിയപ്പെടുന്ന സ്ഥാപനം ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 81 ലക്ഷം രൂപയുടെ പ്രവര്‍ത്തന ലാഭമുണ്ടാക്കി. 21 കോടി രൂപയുടെ വിറ്റുവരവാണ് ഒമ്പത് മാസത്തിനുള്ളില്‍ നേടിയത്.
അടച്ചു പൂട്ടലിന്റെ വക്കിലായിരുന്ന മീറ്റര്‍ കമ്പനിയെ കരകയറ്റാനുള്ള സര്‍ക്കാരിന്റെ പ്രത്യേക പദ്ധതിയാണ് ഫലം കണ്ടത്. ധനസഹായമായി അഞ്ചു കോടി രൂപയും പ്രവര്‍ത്തന മൂലധനമായി അഞ്ചു കോടി രൂപയും ബജറ്റില്‍ അനുവദിച്ചു. കമ്പനി ഈ പണം ഉപയോഗിച്ച് എയര്‍ ബ്രേക്ക് സ്വിച്ച് നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഒപ്പം വൈവിധ്യവല്‍ക്കരണവും കമ്പനിയില്‍ നടപ്പാക്കി. എല്‍.ഇ.ഡി തെരുവുവിളക്ക് നിര്‍മ്മാണ യൂണിറ്റ്, നവീകരിച്ച വാട്ടര്‍ മീറ്റര്‍ നിര്‍മ്മാണ യൂണിറ്റ്, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗം എന്നിവ പുതുതായി സ്ഥാപിച്ചു.ഫോട്ടോ മെട്രിക് മെഷീന്‍ ഉള്‍പ്പടെ ആധുനിക സംവിധാനങ്ങള്‍ സജ്ജീകരിച്ചാണ് എല്‍ഇഡി യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്.
കെഎസ്ഇബിയുടേയും കേരള വാട്ടര്‍ അതോറിറ്റിയുടേയും ഓര്‍ഡറുകള്‍ കമ്പിനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകര്‍ന്നു. ടെണ്ടര്‍ നടപടിയില്ലാതെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കമ്പനിയില്‍ നിന്ന് എല്‍ ഇ ഡി തെരുവ് വിളക്ക് വാങ്ങാമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയതും ഏറെ ഗുണം ചെയ്തു. കേരളത്തിലെ 8 ജില്ലകളിലൂടെ കടന്നു പോകുന്ന ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വാതക പൈപ്പ് ലൈനിലേക്ക് ആവശ്യമായ മീറ്ററുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യാനുള്ള പദ്ധതി ഉടന്‍ ആരംഭിക്കും.
Post Your Comments