Latest NewsIndia

സമീപകാലത്തെ ഏറ്റവും വലിയ കേന്ദ്ര-സംസ്ഥാന ഏറ്റുമുട്ടലിന് സാക്ഷ്യം വഹിച്ച് കൊല്‍ക്കത്ത

ന്യൂഡല്‍ഹി : സമീപകാലത്തെ ഏറ്റവും വലിയ കേന്ദ്ര-സംസ്ഥാന ഏറ്റുമുട്ടലിന് സാക്ഷ്യം വഹിച്ച് കൊല്‍ക്കത്ത. ചിട്ടി തട്ടിപ്പു കേസുകളില്‍ സിബിഐയും ബംഗാള്‍ സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിലെ പുതിയ അധ്യായമാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ അരങ്ങേറിയത്. ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത പൊലീസ് കമ്മിഷണര്‍ രാജീവ് കുമാറിനെ സിബിഐ ചോദ്യം ചെയ്യാന്‍ വീട്ടിലെത്തിപ്പോഴാണ് സിബിഐ.ും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചത്. കഴിഞ്ഞയാഴ്ച സിനിമാ നിര്‍മാതാവ് ശ്രീകാന്ത് മൊഹ്തയെ ചോദ്യം ചെയ്യാന്‍ സിബിഐ അദ്ദേഹത്തിന്റെ ഓഫിസില്‍ ചെന്നപ്പോഴും പൊലീസ് എത്തി പ്രശ്‌നമുണ്ടാക്കിയിരുന്നു.

ശാരദ, റോസ് വാലി തുടങ്ങിയ ചിട്ടി കേസുകള്‍ അന്വേഷിക്കാന്‍ 2013ല്‍ ബംഗാള്‍ സര്‍ക്കാര്‍ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) നിയോഗിച്ചതാണ്. ആ സംഘത്തിലെ രാജീവ് കുമാര്‍ ഉള്‍പ്പെടെ 3 പേരെ ചോദ്യം ചെയ്യാന്‍ സിബിഐ ഏതാനും മാസങ്ങളായി ശ്രമിച്ചിരുന്നു. സിബിഐ പല തവണ നോട്ടിസ് നല്‍കി. രാജീവ് കുമാര്‍ സഹകരിച്ചില്ല.

2014ലാണ് കേസുകള്‍ സിബിഐ അന്വേഷിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്. കേസുകളുമായി ബന്ധപ്പെട്ട പല രേഖകളും കാണുന്നില്ലെന്നും അതേക്കുറിച്ച് രാജീവ് കുമാറും മറ്റുമാണ് പറയേണ്ടതെന്നുമാണ് സിബിഐയുടെ നിലപാട്. എന്നാല്‍, സിബിഐയുടെ ഉദ്യോഗസ്ഥരെ തങ്ങള്‍ക്കു ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇടയ്ക്ക് എസ്‌ഐടി നിലപാടെടുത്തു. അന്വേഷണത്തിനു പൊലീസ് തടസ്സം നില്‍ക്കുന്നുവെന്ന് സിബിഐ സുപ്രീം കോടതിയോടു പരാതിപ്പെട്ടിരുന്നു. സിബിഐ ഉദ്യോഗസ്ഥരെ എസ്‌ഐടി ചോദ്യം ചെയ്യാന്‍ പാടില്ലെന്നും ഇരുകൂട്ടരും പരസ്പരം സഹകരിച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകണമെന്നുമാണ് സുപ്രീം കോടതി കഴിഞ്ഞ ജുലൈയില്‍ വ്യക്തമാക്കിയത്.

സംസ്ഥാനത്തെ കേസുകളില്‍ അന്വേഷിക്കുന്നതിന് സിബിഐക്കുള്ള പൊതു അനുമതി ആന്ധ്ര പ്രദേശ് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ പിന്‍വലിച്ചിരുന്നു. പിന്നാലെ മമത ബാനര്‍ജിയും ഇതേ നിലപാടെടുത്തു. എന്നാല്‍, സുപ്രീം കോടതിയുടെ നിര്‍ദേശാനുസരണമായതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണ്ടെന്ന നിലപാടിലാണ് സിബിഐ മുന്നോട്ടു പോകുന്നത്. അതുകൊണ്ടുതന്നെയാണ് മമതയുമായി അടുത്ത ബന്ധമുള്ള ശ്രീകാന്ത് മൊഹ്തയെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്യാന്‍ സിബിഐക്കു സാധിച്ചതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button