തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള പാര്‍പ്പിട പദ്ധതി ‘അപ്നാ ഘര്‍’ ഫെബ്രുവരി 23 ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. സര്‍ക്കാര്‍ ആയിരം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് രാജ്യത്തിനു തന്നെ മാതൃകയായ പദ്ധതി തൊഴില്‍വകുപ്പ് പൂര്‍ത്തീകരിക്കുന്നത്. കഞ്ചിക്കോട് വ്യവസായമേഖലയിലാണ് നാലുനിലകളിലായി 64 മുറികളുള്ള കെട്ടിടം. തൊഴില്‍ വകുപ്പിന് കീഴിലുള്ള ഭവനം ഫൗണ്ടേഷനാണ് ഇതിന്റെ നടത്തിപ്പ് ചുമതല.
14 കോടി രൂപ ചെലവില്‍ 44,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിച്ച കെട്ടിടത്തില്‍ 32 അടുക്കള, 96 ബാത്ത് റൂം, എട്ട് ഡൈനിങ് ഹാള്‍, കുളിക്കാനും വസ്ത്രം അലക്കാനും വിശാലമായ സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. സ്വകാര്യ വസ്തുക്കള്‍ സൂക്ഷിക്കുന്നതിന് ഓരോരുത്തര്‍ക്കുംപൂട്ടിവയ്ക്കാന്‍ പറ്റുന്ന പ്രത്യേകം കബോഡുകളും സജ്ജമാക്കിയിട്ടുണ്ട്. ചെറിയ മാസവാടകയും തൊഴിലാളികളില്‍ നിന്നും ഈടാക്കും.
ഹോസ്റ്റലുകള്‍ വൃത്തിയാക്കാന്‍ പ്രത്യേകം ഏജന്‍സി, 24 മണിക്കൂറും കാവല്ക്കാര് എന്നിവയും പ്രത്യേകതയാണ്. പാലക്കാട് കഞ്ചിക്കോട് മാതൃകയില്‍ കോഴിക്കോട് രാമനാട്ടുകര, എറണാകുളത്തെ കളമശേരി എന്നിവിടങ്ങളിലും ‘അപ്നാഘര്‍’ സമുച്ചയം നിര്‍മിക്കാന്‍ പദ്ധതിയായി. രണ്ടിടത്തും ഓരോ ഏക്കര്‍ ഭൂമി വീതം ഭവനം ഫൗണ്ടേഷനുകീഴില്‍ വാങ്ങിയിട്ടുണ്ട്.
Post Your Comments